കേരളം കണ്ട അമേച്വര്‍ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് സിപിഎം നേതാവും എംഎല്‍എയുമായ എഎന്‍ ഷംസീര്‍. ഓരോ ദിവസവും വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹം അത് തെളിയിക്കുകയാണ്. ഗവര്‍ണര്‍ പദവിക്ക് മഹത്വവും മാന്യതയുമുണ്ട്. എന്നാല്‍ അത് വിട്ട് തനിരാഷ്ട്രീയക്കാരനെപ്പോലെ അദ്ദേഹം സംസാരിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് മീഡിയ മാനിയയാണ്. എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തുന്നതാണോ ഗവര്‍ണറുടെ പണി. ഇത് കേരളീയസമൂഹം അംഗീകരിക്കില്ല. ചില പദവികളില്‍ എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയുടെ ചില സ്ഥാനങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പ്രചരിപ്പിച്ചിരുന്നു. അതൊന്നും നടക്കാത്തതിലുള്ള നിരാശയാണ് ഇപ്പോള്‍ കാണുന്നതെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
നിരാശ പ്രകടിപ്പിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിനോടാണ്. അത് ഭൂഷണമാണോ എന്ന് അദ്ദേഹം തന്നെ സ്വയം ചിന്തിക്കണം. ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടാവേണ്ട പരാമര്‍ശമല്ല ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും എംഎല്‍എ പറഞ്ഞു. കണ്ണൂര്‍ വിസിക്ക് എതിരെ ഗവര്‍ണര്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണം.
0 Comments