കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ജീവനക്കാരി പിടിയിൽ. ക്ലീനിങ് സൂപ്പർവൈസർ കെ. സജിതയാണ് 1812 ഗ്രാം സ്വർണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിൻ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇവരെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്ന് കസ്റ്റംസ് ഉദ്യേഗസ്ഥർ പറഞ്ഞു.
ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന പരിശോധനയിലും രണ്ട് യാത്രക്കാരിൽ നിന്നായി 518 ഗ്രാം സ്വർണം പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്ന് എത്തിയ പാലക്കാട് സ്വദേശി മുഹമ്മദ്, ഷാർജയിൽ നിന്ന് എത്തിയ യുവതി എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഡിസ്‌ക് രൂപത്തിൽ കാർട്ടൺ ബോക്‌സിൽ ഒളിപ്പിച്ച നിലയിലാണ് പാലക്കാട് സ്വദേശി മുഹമ്മദ് സ്വർണം കടത്താൻ ശ്രമിച്ചത്.
സ്റ്റീമറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണവും കരിപ്പൂരിൽ പിടികൂടിയിരുന്നു. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി അബൂബക്കർ സിദ്ദീഖാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 497 ഗ്രാം സ്വർണം കടത്താനാണ് ശ്രമിച്ചത്. ഇതിന് വിപണിയിൽ 25,81,915 രൂപ മൂല്യം വരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായതും ഈ മാസം തന്നെയാണ്. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കടത്ത് സ്വർണവും നിരവധി പാസ്പോർട്ട്കളും ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. 320 ഗ്രാമം സ്വർണവും അഞ്ച് ലക്ഷം രൂപയുമാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ പക്കൽ നിന്ന് കണ്ടെടുത്തത്. മലപ്പുറം എസ് പി യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
0 Comments