banner

പ്രിയാ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ നീട്ടി ഹൈക്കോടതി

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് സ്റ്റേ ചെയ്തത് ഒരുമാസം കൂടി നീട്ടി ഹൈക്കോടതി. വിഷയത്തിൽ യുജിസി നിലപാട് വ്യക്തമാക്കിയതോടെയാണ് ഹൈക്കോടതി സ്റ്റേ ഒരുമാസം കൂടി നീട്ടിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്.

ഗവേഷണകാലം അധ്യാപനകാലമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലപാട് രേഖാമൂലം നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് വിവാദമായിരുന്നു. മതിയായ യോഗ്യതകളില്ലാതെയാണ് പ്രിയാ വർഗീസിന് നിയമനം നൽകിയതെന്നാണ് ആരോപണം.
അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ 8 വർഷത്തെ അധ്യാപനപരിചയം പ്രിയാ വർഗീസിനില്ലെന്ന് ആരോപിച്ചാണ് രണ്ടാം റാങ്കുകാരനായ ഹർജിക്കാരൻ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം അധ്യാപകൻ ജോസഫ് സ്കറിയ പരാതി നൽകിയത്. 2018 ലെ യുജിസി വ്യവസ്ഥ അനുസരിച്ച് റിസർച് സ്കോർ, അംഗീകൃത പ്രസിദ്ധീകരണങ്ങൾ എന്നിവ പരിശോധിക്കാതെയാണ് വൈസ് ചാൻസലർ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി പ്രിയയ്ക്ക് ഇന്റർവ്യൂവിൽ കൂടുതൽ മാർക്ക് നൽകിയതെന്നും ആരോപിച്ചു. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ, പ്രിയ വർഗീസ് തുടങ്ങിയവരാണ് ഹർജിയിൽ എതിർകക്ഷികൾ.

Post a Comment

0 Comments