banner

ആംബുലൻസിൻ്റെ വാതിൽ തുറക്കാൻ താമസിച്ച് 66കാരൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കോഴിക്കോട് : സ്കൂട്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ആംബുലൻസിന്‍റെറ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ യഥാസമയം ചികിത്സ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 

ksfe prakkulam

ആശുപത്രി സൂപ്രണ്ടിന്‍റെ ഉടമസ്ഥതതയിലുള്ള ആംബുലൻസുകളുടെ ചുമതലയും പരിപാലനവും സംബന്ധിച്ച് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.

ജില്ലയിലുള്ള ആമ്പുലൻസുകളുടെ സുരക്ഷ പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളെ കുറിച്ച് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ വിശദീകരണം സമർപ്പിക്കണം. രണ്ടു റിപ്പോർട്ടുകളും സെപ്റ്റംബർ 30 ന് മുമ്പ് ക്യത്യമായി ലഭിച്ചിരിക്കണം. സെപ്റ്റംബർ 30 ന് കോഴിക്കോട് കളകടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

മലപ്പുറം ഫറോക്ക് കരുവന്‍തിരുത്തി എസ്പി ഹൗസില്‍ കോയമോനെ (66) സ്‌കൂട്ടറിടിച്ചു സാരമായി പരുക്കേറ്റ നിലയില്‍ ഗവ. ബീച്ച് ആശുപത്രിയില്‍ നിന്നു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയ ആംബുലന്‍സിന്റെ വാതിലാണ് തുറക്കാനാവാത്ത വിധം അടഞ്ഞുപോയത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണു സംഭവം. കോയമോന്‍ അരമണിക്കൂറോളം ആംബുലന്‍സിനകത്ത് കുടുങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ അകത്തുള്ളവര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചവിട്ടിത്തുറക്കാനുള്ള ശ്രമവും ഫലിച്ചില്ല.

ഇതിനിടെ ആംബുലന്‍സ് ഡ്രൈവര്‍ പുറത്തിറങ്ങി സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ നോക്കിയിട്ടും നടന്നില്ല. ഇതിനിടയില്‍ ഒരാള്‍ ചെറിയ മഴുകൊണ്ടു വന്നു വാതില്‍ വെട്ടിപ്പൊളിച്ചാണ് കോയമോനെ പുറത്തെടുത്തത്. വാതില്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്ത് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ചെറൂട്ടി റോഡിലെ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായ കോയമോന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ റെഡ് ക്രോസ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോഴാണു സ്‌കൂട്ടര്‍ ഇടിച്ചത്.

ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോയമോനെ സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ബീച്ച് ആശുപത്രിയിലെ ആംബുലന്‍സില്‍ ഉടന്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ഒരു ഡോക്ടറും കോയമോന്റെ സുഹൃത്തുക്കളായ 2 പേരും ആംബുലന്‍സിലുണ്ടായിരുന്നു.

Post a Comment

0 Comments