banner

അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി

തിരുവനന്തപുരം : അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത രാജ്യങ്ങളിലെ മാതൃകയിൽ രാജ്യത്തെ ആദ്യ സംരംഭമായിരിക്കും ഇത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി പണി കഴിപ്പിച്ച ഫ്ളൈഓവർ നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയ്ക്ക് ആവശ്യമായ ചെലവ് കൂടുന്ന സാഹചര്യത്തിൽ പണമില്ലാത്തതുകൊണ്ട് ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെടരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട് അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് ചികിത്സയ്ക്കായി ആളുകൾ എത്തുന്ന സ്ഥലമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. മാസ്റ്റർ പ്ലാൻ അനുസരിച്ച് ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ തുടർന്നു വരികയാണ്. ആർദ്രം പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ നിലവിൽ വന്നതോടെ എല്ലാത്തരം ശ്രേണിയിലുള്ളവരും പൊതുആരോഗ്യ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ആശുപത്രി വികസനത്തിനായി കിഫ്ബിയിലൂടെ പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി. 2017ൽ അമ്പതിനായിരം കോടി പശ്ചാത്തല വികസനത്തിന് വിനിയോഗിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്, എന്നാൽ 2021ൽ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ 72,000 കോടി രൂപയുടെ പദ്ധതി വികസന രംഗത്ത് നടപ്പിലാക്കി വാഗ്ദാനം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ ആവശ്യമായ ഓക്സിജൻ ബെഡുകൾ, ഐസിയു ബെഡുകൾ എന്നിവയിൽ കുറവുവരാതെ ചികിത്സയ്ക്കെത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിച്ചു. എല്ലാം മറന്നു സേവനം നടത്തുന്നവരുടെ മേഖലയാണ് ആരോഗ്യ രംഗം. എന്നാൽ ചില സാഹചര്യങ്ങളിൽ ബന്ധുക്കൾക്കോ പ്രിയപ്പെട്ടവർക്കോ ഉണ്ടാകുന്ന മരണമോ ബുദ്ധിമുട്ടുകളോ ആരോഗ്യ പ്രവർത്തകരോട് അതിക്രമം കാട്ടുന്നതിന് കാരണമാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണം സർക്കാർ ഗൗരവമായാണ് കാണുന്നത്. അതേസമയം, ചികിത്സയിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ അംഗീകരിക്കുകയുമില്ല. ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകർ തയ്യാറാകണം. ചികിത്സാ ചെലവ് കൂടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എംബിബിഎസ്, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾ അടക്കം വർദ്ധിപ്പിച്ചുകൊണ്ട് വലിയ മാറ്റത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ആരോഗ്യ രംഗത്ത് കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ചികിത്സ എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിൽ അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടുണ്ട്. മാസ്റ്റർപ്ലാനിന്റെ രണ്ടാംഘട്ടത്തിൽ കെട്ടിടങ്ങൾ പുതുക്കി പണിയുന്നതുൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ ഡി ആർ അനിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

0 Comments