banner

’ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല’; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽ



കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു.

സിബിഐ പ്രത്യേക കോടതി ജഡ്ജ്  ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. വിചാരണക്കോടതി ഉത്തരവിനെതിരെയാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു .

വിചാരണ കോടതി തെളിവ് പരിശോധിക്കാതെയാണ് ക്രൈബ്രാഞ്ചിന്റെ അപേക്ഷ നിരസിച്ചതെന്ന് അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഹരജി തള്ളിയത് നിയമവിരുദ്ധമാണെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യരുതെന്നതായിരുന്നു ദിലീപിന് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്ന പ്രധാന വ്യവസ്ഥ. എന്നാല്‍ വിപിന്‍ ലാല്‍, ദാസന്‍, സാഗര്‍ വിന്‍സന്റ്, ഡോ. ഹൈദരലി, ശരത് ബാബു, ജിന്‍സന്‍ തുടങ്ങിയ പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.തന്റെ മുന്‍ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്ന് ദിലീപ് അപേക്ഷയില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാതിരിക്കാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതിജീവിതയുടെയും തന്റെ മുന്‍ഭാര്യയുടെയും അടുത്ത സുഹൃത്തായ ഉന്നത പൊലീസ് ഓഫീസറാണ് തന്നെ ഈ കേസില്‍ കുടുക്കിയത്. ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കിലാണ്. മലയാള സിനിമയിലെ ശക്തരായ ഒരു വിഭാഗത്തിന് തന്നോട് ശത്രുതതയുണ്ട്. ഇവര്‍ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ദിലീപ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാതിരിക്കാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നു. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടാനാണ് ഇവരുടെ ശ്രമെന്നും ഹര്‍ജിയില്‍ ദീലീപ് ആരോപിക്കുന്നു. 133 പേജുള്ള അപേക്ഷയാണ് ദീലീപ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസിന്റെ തുടക്കം മുതല്‍ താന്‍ മാധ്യമവിചാരണ നേരിടുകയാണ്. ഇപ്പോള്‍, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്ക് നേരെയും മാധ്യമവിചാരണ നടക്കുന്നുണ്ട്. തുടരന്വേഷണത്തിന്റെ പേരില്‍ തന്റെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്ത് അതില്‍ വ്യാജതെളിവുകള്‍ സ്ഥാപിച്ചു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്തിന് അതിജീവിത അഭിമുഖം നല്‍കിയത് കേസിനെ സ്വാധീനിക്കാനും പൊതുസമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റാനുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

തനിക്കെതിരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത വ്യക്തിയെയാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ തന്നെക്കെതിരെ നിലപാട് എടുത്തിതിന്റെ പാരിതോഷികമാണിത്. വിചാരണ നീട്ടാനാണ് ഈ നടപടിയെന്നും ദിലീപ് ആരോപിക്കുന്നു. തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദീലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കേസില്‍ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. ഇതിന് പിന്നാലെയാണ് ദിലീപിന്റെ പുതിയ നീക്കം. തെളിവ് നശിപ്പിച്ച സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂര്‍ത്തിയാകില്ലെനായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Post a Comment

0 Comments