തിരുവനന്തപുരം : കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ‘ന്നാ താൻ കേസ് കൊട്’. ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആയിരുന്നു.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ന്നാ താൻ കേസ് കൊട്’. എന്നാൽ പിന്നാലെ ഇതിന്റെ പ്രചാരണ പോസ്റ്ററും വിവാദങ്ങളിലൂടെ ശ്രദ്ധനേടി എന്നാൽ പോസ്റ്റർ വാചകത്തിലെ വിവാദങ്ങൾക്കിടയിലും ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്.
റോഡിലെ കുഴി സംബന്ധിച്ച് ഹൈക്കോടതി പോലും ഇടപെട്ട് നിൽക്കുന്ന സമയത്തായിരുന്നു പോസ്റ്ററിൽ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകവുമായി പ്രചാരണ പോസ്റ്റർ ഇറങ്ങിയത്. ഇതിന് പിന്നാലെ വിമർശനങ്ങളുയർന്നപ്പോഴും അത്തരം സർഗാത്മക വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇപ്പോഴിതാ വിവാദങ്ങൾക്കെല്ലാം ഒടുവിൽ തന്നെ കാണാനെത്തിയ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മന്ത്രി തന്നെ.
ഇരുവരും പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്നതാണ് ചിത്രം. . ചിത്രത്തിനൊപ്പം കുറിപ്പൊന്നും റിയാസ് പങ്കുവച്ചിട്ടില്ല. എന്നാൽ ഏറെ രസകരമായ കുറിപ്പുകളാണ് കമന്റായി ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ‘റോഡിൽ കുഴിയുണ്ടെന്ന് കുഞ്ചാക്കോ, ‘താൻ കേസ് കൊടെന്ന്’ മന്ത്രി’ എന്നു തുടങ്ങി, ഇതുകൊണ്ടൊന്നും റോഡിലെ കുഴി അടയില്ലെന്ന് ചിലർ, കുഴി വിവാദത്തിൽ റിയാസിന്റെ മറുപടി ചൂണ്ടിക്കാട്ടി മറ്റു ചിലരും എത്തുന്നു.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ആയിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’, എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രംഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെ ക്രിയാത്മക വിമർശനമായി കാണുന്നുവെന്ന് മന്ത്രി റായസും അന്നു തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സൈബർ ഇടങ്ങളിൽ ചിത്രം ബഹിഷ്കരണ ആഹ്വാനം വരെ ഉണ്ടായിരുന്നു.
എന്നാൽ പിന്നാലെ, ഇതിന് സമാനമായ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയിരുന്നു. “തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ”, എന്നായിരുന്നു ഈ പോസ്റ്ററിലെ വാചകം. യുകെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെ തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഈ പോസ്റ്റർ പുറത്തുവന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുൻപ് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവർന്നിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍ത് പുറത്തിറക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
0 Comments