Latest Posts

കല്ലടയാറ്റിൽ കുത്തൊഴുക്കില്‍പ്പെട്ട വയോധികയ്ക്ക് രക്ഷകരായി നാട്ടുകാർ

കൊല്ലം : കല്ലടയാറ്റിൽ കുത്തൊഴുക്കില്‍പ്പെട്ട വയോധികയ്ക്ക് രക്ഷകരയായി നാട്ടുകാർ. കുളത്തൂപ്പുഴ സ്വദേശി സതീ ദേവിയാണ് അമ്പലക്കടവില്‍ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയ ഇവർ അടുത്തിടെയാണ് നാട്ടിലെത്തിയത്.

സതീ ദേവിയെ അതിസാഹസികമായാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. വടവും കയറും ഉപയോഗിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ നാട്ടുകാര്‍ കുളത്തൂപ്പുഴ സ്വദേശി സതിയുടെ ജീവനാണ് രക്ഷിച്ചത്.

ഉച്ചയോടെയാണ് സംഭവം നടന്നത്. ദീര്‍ഘകാലമായി ബാംഗ്ലൂരില്‍ താമസിച്ചുവന്നിരുന്ന സതി നാട്ടിലെത്തിയപ്പോള്‍ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഇവരുടെ തുണി ഒഴുക്കില്‍പ്പെട്ടപ്പോള്‍ ഇത് പിടിക്കാനായി മുന്നോട്ടാഞ്ഞപ്പോഴാണ് വയോധിക കുത്തൊഴുക്കില്‍പ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുന്‍പ് തന്നെ ഇവര്‍ 300 മീറ്ററോളം മുന്നോട്ടുപോയി.

ഇതിനോടകം കമ്പില്‍ പിടിത്തം കിട്ടിയ വയോധികയെ നാട്ടുകാര്‍ കയറുപയോഗിച്ച് രക്ഷിക്കാനാണ് ശ്രമിച്ചത്. അതേസമയം അവിടെയുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരുടെ പക്കലുണ്ടായിരുന്ന കയര്‍ സംഘടിപ്പിച്ച് നാട്ടുകാര്‍ വയോധികയെ വലിച്ചെടുക്കുകയായിരുന്നു. നാട്ടുകാരായ ബിജു, ശംഭു, ശിവ, സുരേഷ് മുതലായവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇവരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

0 Comments

Headline