ലോകായുക്ത ബില്ലില്‍ നിലപാട് പരസ്യമാക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിലെ ബില്ലില്‍ സിപിഐക്ക് വിയോജിപ്പുണ്ട്. ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകായുക്ത ബില്ലില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ചേരുന്നതിന് മുന്‍പാണ് കാനത്തിന്റെ പ്രതികരണം.
ബില്ല് നിയമസഭയില്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബുധനാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചാലും അത് അന്നുതന്നെ നിയമമാകില്ലല്ലോയെന്നും കാനം ചോദിച്ചു. അതേസമയം ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്ലിന്റെ കരട് തയ്യാറായി. ബുധനാഴ്ച ഇത് നിയമസഭയില്‍ അവതരിപ്പിക്കും.
ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും അത് തള്ളിക്കളയാമെന്നും ബില്ലില്‍ പറയുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞിട്ട് ഗവര്‍ണര്‍ അതില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്നതോടെയാണ് നിയമസഭ വിളിച്ച് ബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കാലാവധി കഴിഞ്ഞ ഏഴ് ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായത്. ഇതേ തുടര്‍ന്ന് നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസാധാരണ പോരാണ് നിയമസഭാ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുക.
0 Comments