banner

രണ്ടാമത് ജനിച്ച കുഞ്ഞിനെ കാണാനെത്തിയ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതം, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി



തൃശ്ശൂർ : തളിക്കുളത്ത് ഭാര്യയേയും ഭാര്യ പിതാവിനേയും വെട്ടിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ സംഭവത്തിൽ പ്രതിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ ശനിയാഴ്ച തളിക്കുളം നമ്പിക്കടവിലെ വീട്ടിൽ വച്ചാണ് ഹഷിതയെയും (25) അച്ഛൻ നൂറുദ്ദീനെയും (55) അമ്മ നീസമയെയും (50) ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹഷിത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. നൂറുദ്ധീന് തലയ്ക്കും, അഷിതയ്ക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു.

ksfe prakkulam


ഗുരുതര പരിക്കേറ്റ ഇരുവരേയും തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഹഷിത മരണത്തിന് കീഴടങ്ങിയത്. കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫായിരുന്നു ആക്രമണം നടത്തിയത്. ഹഷിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിട്ട് വെറും പതിനെട്ട് ദിവസങ്ങൾ മാത്രമേ ആയുള്ളൂ. മാതൃസഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാനാണ് ശനിയാഴ്‌ച വൈകീട്ട് ആസിഫ് എത്തിയത്.

മാതാവും മാതൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇവർ പോകാനായി പുറത്തിറങ്ങിയപ്പോൾ കുഞ്ഞിനെ കാണാനെന്ന വ്യാജേന ഹഷിത കിടക്കുന്ന മുറിയിൽ കയറി വാതിലടച്ച് ആസിഫ് ഭാര്യയെ വെട്ടുകയായിരുന്നു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് ആസിഫിന്റെ അപ്രതീക്ഷിത ആക്രമണം. ശബ്ദം കേട്ട് ഓടിയെത്തി മുറി ബലമായി തുറന്ന് തടയാൻ ശ്രമിച്ച നൂറുദീനെയും വെട്ടിയ ശേഷം വാളുമായി ആസിഫ് പുറത്തേക്കോടി രക്ഷപ്പെട്ടു.

കടൽത്തീരത്തേക്കാണ് ഇയാൾ ഓടിമറഞ്ഞതെന്നാണ് വിവരം. കൈവശമുണ്ടായിരുന്ന ബാഗിലാണ് ആസിഫ് വാൾ കരുതിയിരുന്നത്. ഈ ബാഗിൽ നിന്ന് ചുറ്റികയും മരം കൊണ്ടുള്ള മറ്റൊരു ഉപകരണവും ബൈനോക്കുലറും പോലീസ് കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നതിനാല്‍ ഭര്‍ത്താവിന്‍റെ പെരുമാറ്റം പലപ്പോഴും ക്രൂരമായിരുന്നു. ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പൊലീസിന് വിവരം കിട്ടി.

ഈ സാഹചര്യം മനസിലാക്കിയാണ് ഹഷിതയുടെ രക്ഷിതാക്കള്‍ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുവന്നത്. ഇരുവരും തമ്മില്‍ മുമ്പും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല. ആസിഫിന്റെ ആക്രമണത്തില്‍ ഹഷിതയുടെ അമ്മയ്ക്കും പരിക്കേറ്റുവെങ്കിലും സാരമുള്ളതല്ല. പ്രതിക്കായി ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

Post a Comment

0 Comments