banner

വെല്ലുവിളികളില്ലാതെ ക്ലാസിക് ചെസില്‍ മാഗ്‌നസ് കാള്‍സണ്‍; പക്ഷെ, വരുന്നുണ്ട് പ്രഗ്‌നാനന്ദയും നിഹാല്‍ സരിനും ഗുകേഷും

ചെസിലെ ലോക ചാമ്പ്യനെ നിശ്ചയിക്കുന്ന ക്ലാസിക്കല്‍ ശൈലിയില്‍ ഇപ്പോഴും ഏറെ മുന്നിലാണ് മാഗ്‌നസ് കാള്‍സണ്‍. അഞ്ച് തവണയാണ് കാള്‍സണ്‍ ലോകചാമ്പ്യനായത്. ക്ലാസിക് ശൈലി റേറ്റിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ഡിങ് ലിരന്‍ 55 പോയിന്റുകള്‍ക്ക് കാള്‍സണേക്കാള്‍ പിന്നിലാണ്. രമേഷ് ബാബു പ്രഗ്‌നാനന്ദയുടെ വിജയത്തോടെ വലിയ ചര്‍ച്ചയിലേക്കുയര്‍ന്ന എഫ്ടിഎക്‌സ് ക്രിപ്‌റ്റോ റാപ്പിഡ് ചെസ് ടൂര്‍ണ്ണമെന്റിലും വിജയിച്ചത് കാള്‍സണ്‍ തന്നെയാണ്.

'അദ്ദേഹം പരാജയപ്പെടുന്നത് അപൂര്‍വമാണ്. റാപ്പിഡ് ചെസ്സില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം. റാപ്പിഡില്‍, അദ്ദേഹത്തെ പരാജയപ്പെടുത്തല്‍ സാധ്യമാണ്. പക്ഷെ ക്ലാസ്സികില്‍, അത് വളരെ കഠിനമാണ്. എല്ലാ റാപ്പിഡിലും അദ്ദേഹത്തെ പരാജയപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ ഓരോ റാപ്പിഡിലും അദ്ദേഹത്തെ പരാജയപ്പെടുത്തുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്', കാള്‍സണെ പരാജയപ്പെടുത്തിയതിന് ശേഷം പ്രഗ്‌നാനന്ദ പറഞ്ഞതിങ്ങനെയാണ്.

എന്നാല്‍ വരും നാളുകളില്‍ ക്ലാസിക് ശൈലിയിലും കാള്‍സണ്‍ അടക്കമുള്ള ലോകോത്തര താരങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പ്രഗ്‌നാനന്ദ അടക്കമുള്ള നിരവധി യുവതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് വരുമെന്നുറപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇപ്പോള്‍ നടക്കുന്നത്. കാള്‍സണെ മൂന്ന് തവണയാണ് പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് വിശ്വനാഥന്‍ ആനന്ദ്, നിഹാല്‍ സരിന്‍, പെന്റാല ഹരികൃഷ്ണ എന്നിവരും കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള നിഹാല്‍ സരിന്‍ രണ്ട് തവണയാണ് കാള്‍സണെ പരാജയപ്പെടുത്തിയത്. 2020ലാണ് സരിന്‍ ആദ്യമായി ഒരു ഓണ്‍ലൈന്‍ ബ്ലിറ്റ്‌സ് മത്സരത്തില്‍ കാള്‍സണെ പരാജയപ്പെടുത്തിയത്. 2021 ഏപ്രിലില്‍ ബ്ലിറ്റ്‌സ് ശൈലിയില്‍ സരിന്‍ ഒരിക്കല്‍ കൂടി കാള്‍സണെ പരാജയപ്പെടുത്തി. ചെസ് ഒളിമ്പ്യാഡില്‍ വ്യക്തിഗത ഇനത്തില്‍ മലയാളി താരം നിഹാല്‍ സരിനും ഡി ഗുകേഷും സ്വര്‍ണം നേടി. ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെയാണ് സരിന്‍ സ്വര്‍ണം നേടിയത്. ഇന്ത്യന്‍ ചെസിലെ പുതിയ വിസ്മയമാണ് ഗുകേഷ്. ഏഴാംവയസ്സില്‍ കളി തുടങ്ങിയ ഗുകേഷ് ലോകത്തെ പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാന്‍ഡ്മാസ്റ്ററാണ്.

പെന്റാല ഹരികൃഷ്ണ കാള്‍സണെ രണ്ട് തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. ഒരു റാപ്പിഡ് ശൈലി മത്സരത്തിലും ബ്ലിറ്റ്‌സ് ശൈലി മത്സരത്തിലും ഹരികൃഷ്ണ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments