banner

'എനിക്ക് പകരക്കാരനെ വെക്കാൻ മമ്മൂക്ക സമ്മതിച്ചില്ല, അവൻ തന്നെ ചെയ്താൽ മതിയെന്ന് പറഞ്ഞു': കലാഭവൻ ഷാജോൺ

ആരേയും അങ്ങോട്ട് വിളിച്ച് ചാൻസ് ചോദിക്കാറില്ലെന്ന് നടൻ കലാഭവൻ ഷാജോൺ. അങ്ങനെ ചോദിക്കേണ്ട അവസ്ഥ തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും തന്നെ മനസിലാക്കി ആളുകൾ സിനിമയിലേക്ക് വിളിക്കുന്നതാണെന്നും ഷാജോൺ പറഞ്ഞു.

പൃഥ്വിരാജ് തന്നെയാണ് ലൂസിഫറിലേക്ക് വിളിച്ചതെന്നും മമ്മൂട്ടി പല ചിത്രങ്ങളിലേക്ക് തന്നെ കാസ്റ്റ് ചെയ്യണമെന്ന് സംവിധായകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷാജോൺ പറഞ്ഞു.

'ഞാൻ ആരോടും വിളിച്ച് ചാൻസ് ചോദിക്കാറില്ല. അങ്ങനെ പറയേണ്ട ഒരു അവസ്ഥ ഇതുവരെ ദൈവം വരുത്തിയിട്ടില്ല. അതല്ലാതെ തന്നെ അവർ നമ്മളെ മനസിലാക്കിയിട്ട് ഒരുപാട് സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. ലൂസിഫർ എന്ന സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത് പൃഥ്വിരാജാണ്.

രാജു വിളിച്ചിട്ട്, ചേട്ടാ ഞാൻ ഒരു സിനിമ തുടങ്ങുന്നുണ്ട്, തിരക്കാണെന്നൊക്കെ അറിയാം, പക്ഷേ ഡേറ്റ് തന്നേ പറ്റുകയുള്ളുവെന്ന് പറഞ്ഞു. ഒരു കുഴപ്പോമില്ല, രാജു എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. ഞാൻ റെഡി ആയിരിക്കുമെന്ന് പറഞ്ഞു. അവരുടെ ഒരു വിശ്വാസമാണത്.

അതുപോലെ തന്നെയാണ് മമ്മൂക്ക. ദൃശ്യം ഒക്കെ ചെയ്യുന്നതിന് മുമ്പ് ഒരു സിനിമയിൽ എന്നെ ചായക്കടക്കാരനായിട്ട് വെച്ചപ്പോൾ റൈറ്ററോടും ഡയറക്ടറോടും മമ്മൂക്ക പറഞ്ഞത്, അവനെ അങ്ങനൊന്നും വെക്കണ്ട, അവന് വേറൊരു പടത്തിൽ മെയ്ൻ ക്യാരക്റ്റർ കൊടുക്കാൻ വെച്ചിരിക്കുയാണെന്നാണ്. അങ്ങനെ താപ്പാനയിൽ ഒരു കഥാപാത്രം എനിക്ക് തന്നു.

ദൃശ്യത്തിലാണെങ്കിലും പൊലീസുകാരന്റെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ ജീത്തു ജോസഫ് എന്റെ പേര് പറഞ്ഞു. അവൻ ചെയ്യട്ടെ, കറക്റ്റ് ആയിരിക്കുമെന്നാണ് ലാലേട്ടൻ പറഞ്ഞത്. അവർക്ക് അറിയാം ആര് ഈ കഥാപാത്രം ചെയ്താൽ നന്നാവുമെന്ന്. അതുകൊണ്ട് നമ്മൾ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ടിവരില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതെന്റെ കുറവാണോന്ന് എനിക്ക് അറിയില്ല.

Post a Comment

0 Comments