തിരുവനന്തപുരം : കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി ആദം അലി മൃതദേഹം കിണറ്റില്‍ ഇട്ടത്തിന് ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വീടിന്റെ മതിലിനടുത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൃതദേഹം കിണറ്റില്‍ ഇട്ടതിന് ശേഷം മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കൊലക്കേസിലെ പ്രതി ആദം അലി എന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനെ സഹായിച്ചത് ഈ സിസിടിവി ദൃശ്യങ്ങളായിരുന്നു.
ആദം അലി ലഹരിക്കും വീഡിയോ ഗെയിമുകള്‍ക്കും അടിമയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി പോകുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയില്‍ പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് പെട്ടന്ന് വീട്ടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞു. കൊലപാതകത്തിന് ശേഷം, മൃതദേഹം കിണറ്റിലിട്ടത് ആദം അലി തന്നെയാണെന്നും മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു.
അതേ സമയം, നഷ്ടപെട്ട സ്വര്‍ണത്തെ കുറിച്ച് ഇതുവരെയും വിവരം കിട്ടിയിട്ടില്ല. മനോരമയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത് 6 പവന്‍ സ്വര്‍ണമാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്ക് ഉണ്ടോ എന്നതിലടക്കം അന്വേഷണം തുടരുകയാണെന്നും ആദം അലിയുടെ മറ്റ് ക്രിമിനല്‍ പശ്ചാത്തലവും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വിശദീകരിച്ചു. ആദം അലിയെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ച്ചയായ കൊലപാതകങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയതായും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു.
വീട്ടമ്മയെ കൊന്ന് കല്ലുകെട്ടി കിണറ്റിലിട്ട ശേഷം ചെന്നൈയിലേക്ക് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശി ആദം അലിയെ ചെന്നൈ പൊലീസിന്റെ സഹായത്തോടെ ഇന്നലെ വൈകുന്നേരമാണ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും ഇനിയും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങള്‍ ബാക്കിയാണ്. മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊല്ലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. മനോരമയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതാണ് സംശയത്തിന് കാരണം.
മോഷ്ടിച്ച സ്വര്‍ണം ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. മോഷണമായിരുന്നില്ല ഉദേശമെങ്കില്‍ അതിഥി തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും നല്‍കുന്ന വീട്ടയെ കൊലപ്പെടുത്താന്‍ പ്രതിയെ പ്രേരിച്ചതെന്താണെന്ന് വ്യക്തമാകണം. ഇതിന് വിശധമായ ചോദ്യം ചെയ്യല്‍ ആവശ്യമാണ്.
0 Comments