banner

പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞുപറ്റിച്ച് വിവാഹം, പിന്നാലെ സ്വര്‍ണ്ണവുമായി മുങ്ങുന്നത് പതിവ്, വിവാഹ തട്ടിപ്പ് വീരന്‍ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും പിടിയില്‍

കോഴിക്കോട് : നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതികളെ ഇയാള്‍ വലയില്‍ വീഴ്ത്തിയിരുന്നത്.

വിവാഹം കഴിച്ചതിനു ശേഷം സ്വര്‍ണവും പണവും കൊണ്ട് ഇയാള്‍ മുങ്ങും. നിരവധി പരാതികളില്‍ പ്രതിയായ ഇയാള്‍ പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കേരള പൊലീസില്‍ ഡി ഐ ജി ആണ്, എസ്പി ആണ് തുടങ്ങി ഉന്നത പദവിയിലുള്ള പൊലീസുകാരനാണെന്നാണ് പെണ്‍വീട്ടുകാരോട് ഇയാള്‍ പറഞ്ഞിരുന്നത്.

ശേഷം വിവാഹങ്ങള്‍ നടത്തി യുവതികളുടെ വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണവും കാറും പണവും കൈവശപ്പെടുത്തി മുങ്ങുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറയുന്നു. നിരവധി പരാതികളെത്തിയതോടെയാണ് പൊലീസ് പ്രതിക്കായി അന്വേഷണം തുടങ്ങിയത്.

അതിനിടെയാണ് കൊടുവള്ളി വാവാട്ടെ നാലാം ഭാര്യയുടെ വീട്ടില്‍ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചത്. കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജിയുടെ നേതൃത്വത്തില്‍ എസ് ഐ സുകീസ് കുമാര്‍, എ എസ് ഐ കൃഷ്ണന്‍കുട്ടി, സി പി ഒ വീണ വാരിയത്ത് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments