banner

ലോകായുക്ത അന്വേഷണ സംവിധാനം‌ മാത്രം, കോടതിക്ക്‌ തുല്യമല്ലെന്ന് മന്ത്രി പി രാജീവ്‌

തിരുവനന്തപുരം : ലോകായുക്തയ്‌ക്ക്‌ ജുഡീഷ്യൽ അധികാരമില്ലെന്നും, അന്വേഷണ സംവിധാനമാണെന്നും‌ നിയമ മന്ത്രി പി രാജീവ്‌. 

ജുഡീഷ്യൽ സംവിധാനമാണ് ലോകായുക്ത എന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ലോകായുക്ത കോടതിക്ക് തുല്യമാണെന്ന് കരുതാൻ പാടില്ലെന്ന് ഹൈക്കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

ഭരണഘടനയ്‌ക്കും നിയമത്തിനുമൊപ്പം നിൽക്കാത്ത വ്യവസ്ഥയാണ്‌ കേരള ലോകായുക്ത നിയമത്തിനുള്ളത്‌. ഇരുത്തിമൂന്നു വർഷമായി തുടരുന്ന തെറ്റായ നിയമ വ്യവസ്ഥയാണ്‌ ഇപ്പോൾ തിരുത്തപ്പെടുന്നത്‌. രാജ്യത്തിന്റെ ലോക്‌പാലിനൊപ്പവും, മാതൃക ലോകായുക്ത നിയമ നിർദേശത്തിന്‌ അനുസൃതമായും കേരള ലോകായുക്ത നിയമത്തെ ഭേദഗതി ചെയ്യുകയെന്ന്‌ ദൗത്യമാണ്‌ നിയമസഭ നിർവഹിക്കുന്നത്‌. 

അത്‌ സഭയുടെ അധികാരവും അവകാശവുമാണ്‌. ലോകായുക്ത നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു മന്ത്രി.
പ്രതിപക്ഷം മാതൃകയായി പുകഴ്‌ത്തുന്ന കർണാടക ലോകായുക്ത നിയമത്തിൽ, ലോകായുക്ത റിപ്പോർട്ട്‌ നിരാകരിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കു നേരിട്ട്‌ നൽകിയിട്ടുണ്ട്‌. 

എന്നിട്ടും എക്‌സിക്യുട്ടിവ്‌ ഉത്തരവിലൂടെ ഈ നിയമത്തെ മറികടക്കാനാണ്‌ കോൺഗ്രസ്‌ മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ശ്രമിച്ചത്‌. 1068ൽ കോൺഗ്രസ്‌ രാജ്യം ഭരിക്കുമ്പോൾ ലോക്‌പാൽ ബിൽ ലോകസഭയിൽ പാസാക്കി. 2013 വരെ ഈ നിയമം രാജ്യസഭയിൽ അവതരിപ്പിക്കാൻ ആർജ്ജവം കോൺഗ്രസിൽനിന്നുണ്ടായില്ല. 2013ൽ രാജ്യസഭയും അംഗീകരിച്ചിട്ടും ലോക്‌പാലിനെ നിയമിക്കാനും ധൈര്യം കാട്ടിയില്ല. അന്ന്‌ അഴിമതിയിൽ മുങ്ങിക്കുളിച്ച്‌ നാണംകെട്ട കോൺഗ്രസ്‌ സർക്കാർ പിടിച്ചുകയറാൻ കച്ചിത്തുരുമ്പ്‌ തേടുന്നതിന്റെ ഭാഗമായാണ്‌ ലോക്‌പാൽ ബിൽ പാസാക്കാൻ തയ്യാറായത്‌.

കോൺഗ്രസ്‌ സർക്കാരുകൾ ഭരിച്ച മഹാരാഷ്‌ട്രയിലും ആന്ധ്രയിലും ഗുജറാത്തിലും രാജസ്ഥാനിലുമുൾപ്പെടെ മുഖ്യമന്ത്രിയെ ലോകായുക്ത നിയമത്തിന്റെ പരിധയിൽ കൊണ്ടുവന്നിട്ടില്ല. ലോക്‌പാലിനൊപ്പം അവതരിപ്പിച്ചതും പാർലമെന്റിന്റെ സെലക്ട്‌ കമ്മിറ്റി സംസ്ഥാനങ്ങൾക്കായി നിർദേശിച്ചതുമായ മാതൃകാ ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തിൽ 17 സംസ്ഥാനം നിയമ നിർമ്മാണം നടത്തി. 

ഇതിലെല്ലാം ലോകായുക്ത റിപ്പോർട്ട്‌ ബന്ധപ്പെട്ട അധികാരിക്ക്‌ നിരാകരിക്കാനുള്ള അധികാരവും ഉറപ്പാക്കി‌. കേരള ലോകായുക്ത നിയമത്തിൽമാത്രമാണ്‌ നിരാകരണ അവകാശമില്ലാത്തതും, കുറ്റാരോപിതന്‌ അപ്പീൽ അവസരം നിഷേധിക്കുന്ന മൗലികാവകാശ ലംഘനമുണ്ടാകുന്നതും.

നിയമ ദേഭഗതികൾ പാടില്ലെന്ന വാദം ബാലിശമാണ്‌. ഇന്ത്യൻ ഭരണ ഘടന 103 തവണ ഭേദഗതി ചെയ്‌തു. പാർലമെന്റ്‌ രൂപീകരണത്തിനുമുമ്പുതന്നെ ഭരണഘടനാ ഭേദഗതിക്ക്‌ തുടക്കമിട്ടുവെന്നതാണ്‌ ചരിത്രം. 

ഒരുഘട്ടത്തിൽ അംഗീകരിക്കുന്ന നിയമത്തിൽ പിന്നീട്‌ ഭേദഗതികളൊ തിരുത്തലുകളോ ആവശ്യമെങ്കിൽ, അത്‌ നിറവേറ്റാനുള്ള അധികാരം നിയമസഭയ്‌ക്ക്‌ നിക്ഷിപ്‌തമാണെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments