ഇടുക്കി ജില്ലയിലുണ്ടായിരുന്ന എൻഡിആർഎഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചുകഴിഞ്ഞു. മാറ്റിപ്പാർപ്പിക്കൽ ആവശ്യമായി വന്നാൽ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. മഴ അതിതീവ്രമായി തുടരുന്നതിനാൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യം മുൻനിർത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും സജ്ജീകരിച്ചു. (ഫോൺ നമ്പർ 04869-253362, മൊബൈൽ 8547612910) അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.
0 Comments