ഇന്നലെ രാത്രി പത്തരയോടെയാണ് അമിത രക്തസ്രാവത്തേത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി മണിക്കൂറുകള്‍ക്ക് മുന്‍പേ പ്രസവിച്ചിരുന്നതായി പരിശോധനയിലൂടെ ഡോക്ടര്‍ക്ക് മനസ്സിലായി. കുഞ്ഞിനെ അന്വേഷിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്.
സംഭവത്തില്‍ ദുരൂഹത തോന്നിയ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കും എന്ന് പറഞ്ഞപ്പോള്‍ പ്രസവിച്ചെന്നും കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ ഉപേക്ഷിച്ചെന്നും യുവതി മറുപടി നല്‍കി. ഡോക്ടര്‍ ഉടന്‍ തന്നെ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു.
പൊലീസ് നടത്തിയ പരിശോധനയില്‍ മങ്കുരിയിലെ വീട്ടില്‍ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. മരണത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം പോസ്റ്റുമാര്‍ട്ടത്തിനയച്ചു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് തൊടുപുഴ ഡിവൈഎസ്പി മധു ബാബു പ്രതികരിച്ചു.
യുവതിയും ഭര്‍ത്താവും മങ്കുരിയില്‍ രണ്ടു നില വീടിന്റ മുകളില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പ്രസവിച്ച വിവരം അറിയാതെ ഭര്‍ത്താവും ഇവരുടെ വീട്ടുടമസ്ഥനുമാണ് യുവതിയെ രാത്രിയില്‍ ആശുപത്രിയിലെത്തിച്ചത്. യുവതി ഗര്‍ഭിണിയായിരുന്നതും പ്രസവിച്ചതും അറിഞ്ഞിരുന്നില്ല എന്നാണ് ഭര്‍ത്താവിന്റെ മൊഴി.
പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല. വീടിന് പുറത്ത് പോലും ഇറങ്ങാതെ ഗര്‍ഭിണിയാണെന്ന വിവരം യുവതി മറച്ച് വച്ചിരുന്നതായാണ് പ്രദേശവാസികള്‍ അറിയിച്ചത്. സംശയം തോന്നിയ ആശാവര്‍ക്കര്‍ കഴിഞ്ഞ ദിവസം യുവതിയോട് വിവരം തിരക്കിയിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടുന്നതിനുള്ള മരുന്ന് കഴിച്ചതിനാലാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞത്. അമിത രക്ത സ്രാവത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി പൊലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
0 Comments