ആറന്മുള : 50 കോടിയോളം രൂപ മണിചെയിന്‍ മാതൃകയില്‍ തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിലെ പത്തനംതിട്ട ആറന്മുള സ്വദേശി ശ്രീകൃഷണ ഭവനം ശ്യാം കൃഷ്ണനെ (29) ആണ് പ്രത്യേക അന്വേഷണ സംഘം ആറന്മുളയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്.
ബയോടക്നോളജിയില്‍ ബിരുദധാരിയായ ഇയാള്‍ എറണാംകുളത്ത് വെബ് ഡിസൈനിംഗും സോഫ്റ്റ് വെയര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തി വരികയാണ്. കൂടാതെ പത്തനം തിട്ടയില്‍ ലക്ഷങ്ങള്‍ വിലവരുന്ന വളര്‍ത്തു പക്ഷികളുടെ ഫാമും നടത്തുന്നുണ്ട്.
പിടിയിലായ തട്ടിപ്പു സംഘത്തലവന്‍ രതീഷ് ചന്ദ്രയുമായി ഇയാള്‍ക്ക് ബന്ധം ഉണ്ട്. പട്ടാമ്പിയില്‍ സമാന തട്ടിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കിയത് ഇയാളാണ്. കോടികള്‍ തട്ടിയ ഈ കമ്പനിക്കു വേണ്ടിയും ഇയാളാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചു നല്‍കിയത്. കമ്പനിയില്‍ നിന്നും സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്തും 2 കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തതായി പറയുന്നു.
കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ ഇയാളാണ് തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമാ മേഖലകളിലും, റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ക്രിപ്റ്റോ കറന്‍സിയിലും നിക്ഷേപിച്ചതായി വിവരം ഉണ്ട്. 2020 ഒക്ടോബര്‍ 15 ന് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്.
മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവര്‍ വേഗം കൂട്ടി.
0 Comments