ഹിമാലയത്തിന്‍റെ പരിസരപ്രദേശങ്ങളില്‍ ട്രെക്കിങ് നടത്തുന്ന പ്രണവ് മോഹന്‍ലാലിനെയാണ് നമ്മള്‍ ഏറെയും കണ്ടിട്ടുള്ളത്. ഇപ്പോഴിതാ ഇന്ത്യ വിട്ട്, അങ്ങു യൂറോപ്പിലാണ് പ്രണവിന്‍റെ ട്രെക്കിങ്. സ്പെയിനിലെ പര്‍വതനിരകളില്‍ നിന്നും എടുത്ത ചിത്രം പ്രണവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് യാതൊരുവിധ സഹായങ്ങളുമില്ലാതെ ചവിട്ടികയറുന്ന വിഡിയോ പ്രണവ് പങ്കുവച്ചിരുന്നു. പ്രണവിന്‍റെ അസാമാന്യ ചങ്കുറപ്പിനെയും മനക്കരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വടക്കൻ സ്പെയിനിലെ കാന്റബ്രിയൻ പർവതനിരകളുടെ ഭാഗമായ പിക്കോസ് ഡി യൂറോപ്പഎന്ന പർവതനിരയുടെ ഉയരത്തിൽ നിൽക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്.
വടക്കൻ സ്പെയിനിലെ കാന്റബ്രിയൻ പർവതനിരകളുടെ ഭാഗമാണ് പിക്കോസ് ഡി യൂറോപ്പ. ഇതൊരു ദേശീയോദ്യാന പ്രദേശമാണ്. “യൂറോപ്പിന്‍റെ കൊടുമുടികൾ” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. 2650 മീറ്റർ ഉയരമുള്ള ടോറെ ഡി സെറെഡോ ആണ് ഈ പര്‍വ്വതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
അമേരിക്കയിൽ നിന്നു യൂറോപ്പിലേക്ക് മടങ്ങുമ്പോൾ നാവികർ ആദ്യം കാണുന്ന ഒന്നായിരുന്നത്രേ ഈ പ്രദേശത്തെ പർവതശിഖരങ്ങൾ. അങ്ങനെയാണ് ഈ പര്‍വതത്തിന് പേര് ലഭിച്ചത്. മലയിടുക്കുകളും പുല്‍മേടുകളും സുന്ദരമായ തടാകങ്ങളുമെല്ലാമായി ഫോട്ടോഗ്രാഫര്‍മാര്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ആസ്വദിക്കാന്‍ ആവോളം കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്.
സ്പെയിനിലെ ഏറ്റവും മികച്ച ഹൈക്കിങ് റൂട്ടുകളുള്ള സ്ഥലമാണ് പിക്കോസ് ഡി യൂറോപ്പ. കൂടാതെ, നിരവധി ഗുഹകള്‍ ഈ പ്രദേശത്ത് കാണാം. ടോർക്ക ഡെൽ സെറോ (1589 മീ), സിമ ഡി ലാ കോർണിസ (1507 മീ), ടോർക്ക ലോസ് റെബെക്കോസ് (1255 മീ), പോസോ ഡെൽ മഡെജുനോ (1252 മീറ്റർ) എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും ആഴമേറിയ ഒട്ടനേകം ഗുഹകൾ പിക്കോസ് ഡി യൂറോപ്പയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കൂടുതല്‍ ഗുഹകള്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍.
അസ്തൂറിയാസ്, കാന്റബ്രിയ, കാസ്റ്റില്ല വൈ ലിയോൺ എന്നീ പ്രവിശ്യകളിൽ വ്യാപിച്ചുകിടക്കുന്ന പിക്കോസ് ഡി യൂറോപ്പ നാഷണൽ പാർക്ക് അറ്റ്ലാന്റിക് ആവാസവ്യവസ്ഥയുടെ ഉത്തമ ഉദാഹരണമാണ്. ഓക്ക്, ബീച്ച് തോട്ടങ്ങളാൽ നിറഞ്ഞ ഈ പാര്‍ക്കില്‍, തവിട്ട് കരടിയും സ്വര്‍ണക്കഴുകനും ഐബീരിയൻ ചെന്നായയും പോലുള്ള ജീവിവര്‍ഗങ്ങളുമുണ്ട്. യുനെസ്കോയുടെ ബയോസ്ഫിയർ റിസർവുകളില്‍ ഒന്നായി ഇവിടം അടയാളപ്പെടുത്തിയിട്ടുണ്ട്.
ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്ന മൂന്നു പ്രദേശങ്ങളും തികച്ചും വ്യത്യസ്തമാണ്. രുചികരമായ ചീസ്, സൈഡർ എന്നിവയ്ക്ക് പേരുകേട്ടതാണ് അസ്തൂറിയാസ്. തീരപ്രദേശത്തിനും പരമ്പരാഗത മത്സ്യബന്ധന ഗ്രാമങ്ങൾക്കും പ്രശസ്തമായ പ്രദേശമാണ് കാന്റബ്രിയ. അതേ സമയം, കാസ്റ്റില്ല വൈ ലിയോൺ ആവട്ടെ, അതിമനോഹരമായ കോട്ടകളും കൊട്ടാരങ്ങളും സലാമങ്ക പോലുള്ള പ്രശസ്ത നഗരങ്ങളും നിറഞ്ഞ ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ്.
പതിനൊന്നു ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പിക്കോസ് ഡി യൂറോപ്പയിലേക്ക് ട്രെയിനില്‍ പോകാം എന്നതാണ് മറ്റൊരു സവിശേഷത. സാധാരണയായി ദേശീയോദ്യാനങ്ങളില്‍ കാണാത്ത ഒരു സൗകര്യമാണ് അത്. കാഗസ് ഡി ഒനിസ് എന്നാണ് ഇവിടെയുള്ള ട്രെയിന്‍ സ്റ്റേഷന്‍റെ പേര്. ഗ്രാമങ്ങളിലെ കാഴ്ചകളും കാണാം. പർവതങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഫ്യൂണിക്കുലാർ റെയിൽവേയും ഇവിടെയുണ്ട്.
കോവഡോംഗ തടാകങ്ങൾ എന്നറിയപ്പെടുന്ന എനോൾ തടാകങ്ങളും എർസിന തടാകങ്ങളും പാർക്കിലെ ഏറ്റവും മനോഹരമായ രണ്ട് കാഴ്ചകളാണ്. വേനൽക്കാലത്ത് പശുക്കളും കാട്ടു കുതിരകളും മേയുന്ന പച്ച പുൽമേടുകളും ശൈത്യകാലത്ത് മഞ്ഞുമൂടിയ കൊടുമുടികളും വലയം ചെയ്യുന്ന തടാകപ്രദേശങ്ങള്‍ ശാന്തമനോഹരമാണ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ സൗജന്യ ഗൈഡഡ് ടൂറുകൾ ലഭ്യമാണ്. ഈ പ്രദേശത്തുടനീളം സഞ്ചാരികള്‍ക്ക് കാണാനായി 17- ഓളം വ്യൂപോയിന്റുകളുണ്ട്.
0 Comments