banner

മന്ത്രിമാർക്ക് പുതിയ കാര്‍: പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാത്തവരെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ. എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ അടിക്കാന്‍ കാശില്ലാതെ നൂറുകണക്കിന് സര്‍വ്വീസുകള്‍ മുടങ്ങുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളവുമില്ല പെന്‍ഷനുമില്ല. പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാത്തവരെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

‘എങ്ങോട്ടാണീ പായുന്നത്? എന്തിനാണീ പായുന്നത്? കടം കയറി മുടിഞ്ഞു കിടക്കുമ്പോഴും എന്തിനീ ധൂര്‍ത്ത്. തകരുകയാണ് കേരളം. തകര്‍ത്തുകഴിഞ്ഞു നിങ്ങളീ കേരളത്തെ. വികസനമുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയുമല്ലാതെ എന്താണ് നിങ്ങള്‍ക്ക് അവകാശപ്പെടാനുള്ളത്? ജനങ്ങള്‍ ആശ്രയിക്കുന്ന കെ. എസ്. ആര്‍. ടി. സിയില്‍ ഡീസല്‍ അടിക്കാന്‍ കാശില്ലാതെ നൂറുകണക്കിന് സര്‍വ്വീസുകള്‍ മുടങ്ങുന്നു. ജീവനക്കാര്‍ക്ക് ശമ്പളവുമില്ല പെന്‍ഷനുമില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. ഇനിയുമുണ്ട് ഒരായിരം ജനങ്ങളുടെ പരാതികള്‍. അപ്പോഴും മന്ത്രിമാരുടെ ധൂര്‍ത്തിന് കയ്യും കണക്കുമില്ല. പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന മനസ്സാക്ഷിയില്ലാത്തവര്‍. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന കരിങ്കാലികള്‍. താടിക്കു തീപിടിക്കുമ്പോഴും ബീഡി കത്തിക്കുന്ന വിപ്‌ളവവായാടികള്‍.’ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പത്ത് കാറുകളാണ് പുതുതായി മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. ഇതിനായി മൂന്ന് കോടി 22 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.തീരുമാനം സംബന്ധിച്ച് ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. നിലവില്‍ മന്ത്രിമാര്‍ ഉപയോഗിച്ച് വന്നിരുന്ന പഴയ കാര്‍ ടൂറിസം വകുപ്പിന് തിരികെ നല്‍കണം.

Post a Comment

0 Comments