banner

ഇളവുകൾ വെട്ടിച്ചുരുക്കി റെയിൽവേ; യാത്രയ്ക്ക് ഇനി ചെലവേറും

ഇളവുകൾ ഓരോന്നായി വെട്ടിച്ചുരുക്കി റെയിൽവേ. സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് പകരം എ.സി കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള നീക്കത്തിലാണ് റെയിൽവേ ഇപ്പോൾ. മിതമായ നിരക്കുള്ള സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയുന്നതോടെ ചെലവേറിയ എ.സി കോച്ചുകൾ തെരഞ്ഞെടുക്കാൻ യാത്രക്കാർ നിർബന്ധിതരാകും.

ഇതുവഴിയുള്ള വരുമാന വർധനയിലാണ് റെയിൽവേയുടെ ലക്ഷ്യം. കോവിഡിൻറെ മറവിൽ ജനറൽ കോച്ചുകൾ ഒഴിവാക്കി, പകരം റിസർവേഷൻ കോച്ചുകൾ ഏർപ്പെടുത്തി ലാഭം കൊയ്ത തന്ത്രമാണ് സ്ലീപ്പറുകളുടെ കാര്യത്തിലും ആവർത്തിക്കുന്നത്. പാസഞ്ചർ ട്രെയിനുകളെയെല്ലാം എക്‌സ്പ്രസുകളാക്കി മാറ്റിയതിനു പിന്നാലെയാണ് പുതിയ നീക്കം.

ഓരോ ട്രെയിനിലും സ്ലീപ്പർ കോച്ചുകളടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, എ.സി ത്രീ ടിയർ, എ.സി ടു ടിയർ എന്നീ കോച്ചുകളുടെ എണ്ണം കൂട്ടും. സ്ലീപ്പർ കോച്ചുകൾ രണ്ടായി ചുരുങ്ങുമ്പോൾ എ.സി ത്രീ ടിയർ കോച്ചുകളുടെ എണ്ണം പ?ത്തായും എ.സി ടു ടിയർ കോച്ചുകളുടെ എണ്ണം നാലായും വർധിക്കും. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള സ്ലീപ്പർ ടിക്കറ്റ് നിരക്ക് 200 ൽ താഴെയാണെങ്കിൽ എ.സി ത്രീ ടിയറിൽ ഇത് 500നു മുകളിലാണ്. ടു ടിയറിലേക്കെത്തുമ്പോൾ ഇതു വീണ്ടും ഉയരും.

ഒരു സ്ലീപ്പർ കോച്ചിൽ 72 ബെർത്തുകളാണുള്ളത്. പരിഷ്‌കാരം നടപ്പായാൽ നിലവിലെ 546 മുതൽ 792 വരെയുള്ള സ്ലീപ്പർ ബെർത്തുകൾ 144 ആയി കുറയും. കോച്ചുകളുടെ ഘടന ഏകീകരിക്കൽ എന്ന പേരിലാണ് പുതിയ പരിഷ്‌കാരം. ഏതെങ്കിലും ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ ബന്ധപ്പെട്ട സോൺ കൃത്യമായ കാരണവും വിശദീകരണവും സഹിതം റെയിൽവേ ബോർഡിനെ സമീപിക്കണം. വിവിധ റൂട്ടുകളിലായി സംസ്ഥാനത്ത് ഓടിയിരുന്ന 54 ഓളം പാസഞ്ചറുകളാണ് കോവിഡ് മറവിൽ നിർത്തലാക്കിയത്.

Post a Comment

0 Comments