കൊച്ചി : കൊച്ചി ഇൻഫോ പാർക്കിന് സമീപത്തെ ഫ്‌ലാറ്റിൽ സജീവ് കൃഷ്ണ എന്നയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിന്റെ ചുരുളഴിയുന്നു. കേസിലെ പ്രതിയും കൊല്ലപ്പെട്ടയാളുടെ സുഹൃത്തുമായ അർഷാദ് പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചത് എന്ന് ഇയാൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കൊലപ്പെടുത്തിയ രീതിയും പ്രതി പോലീസിനോട് വിശദീകരിച്ചു.
.gif)
അവൻ അടുത്ത് കിടന്നപ്പോൾ കൊല്ലാനുള്ള ദേഷ്യം വന്നു, യൂട്യൂബ് നോക്കി വീഡിയോ കണ്ടു. കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോയായിരുന്നു അത്. ഉടൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തിക്കീറിയെന്നും അർഷാദ് പറഞ്ഞു. എല്ലാം താൻ ഒറ്റയ്‌ക്കാണ് ചെയ്തത് എന്നും അർഷാദ് പോലീസിനോട് പറഞ്ഞു.
15 ാം തീയതിയാണ് കൊല നടന്നത്. ലഹരിമരുന്ന് വാങ്ങി വിൽപ്പന നടത്താൻ സജീവിന് പണം കടം നൽകിയിരുന്നു. എന്നാൽ ലഹരി വിറ്റിട്ടും അത് തിരികെ തന്നില്ല. ഇതാണ് കൊല നടത്താനുണ്ടായ പ്രധാന കാരണം. സംഭവം നടക്കുന്ന ദിവസം രണ്ട് പേരും അമിതമായി എംഡിഎംഎയും കഞ്ചാവും ഉപയോഗിച്ചിരുന്നു. തർക്കത്തിനിടെ സജീവ് കൃഷ്ണ ഉറങ്ങിപ്പോയി. അർഷാദ് ബഹളം വെച്ചിട്ടും എഴുന്നേറ്റില്ല. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്.
ഒരാളെ എങ്ങനെ കൊല്ലണമെന്ന് യൂട്യൂബ് നോക്കി പഠിച്ചു. തുടർന്ന് കത്തിയെടുത്ത് കുത്തിക്കീറി. മരിച്ചെന്ന് വ്യക്തമായതോടെ ഇത് ഒളിപ്പിക്കാനും തീരുമാനിച്ചു. തറയിൽ നിന്ന് രക്തം കഴുകിക്കളഞ്ഞ ശേഷം മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞു. ഇത് ഫ്‌ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഡക്ടിലേക്ക് തളളിക്കയറ്റുകയായിരുന്നു. ഇതിന് ശേഷം നേരെ ഗോവയിലേക്കാണ് പ്രതി പോയത്.
കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും, തറ കഴുകിയ ചൂലും, മൃതദേഹം പൊതിഞ്ഞ ബെഡ് ഷീറ്റും കണ്ടെത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും ഇതുമായി ബന്ധിപ്പിക്കാവുന്ന സാഹചര്യങ്ങൾ ലഭിച്ചാലേ കാര്യങ്ങൾ വിശ്വസിക്കാനാകൂ എന്ന് പോലീസ് പറയുന്നു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
0 تعليقات