banner

അരി വില കുതിച്ചുയരുന്നു; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പി ജമീല

കേരളത്തിലെ പൊതുവിപണിയില്‍ അരി വില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. മലയാളികള്‍ കൂടുതലായി ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കഴിഞ്ഞ നാലു മാസത്തിനിടെ പതിനാല് രൂപയിലധികമാണ് വര്‍ധിച്ചിരിക്കുന്നത്.

ജയ അരിയുടെ ചില്ലറ വില്‍പ്പന കിലോയ്ക്ക് 50 രൂപയിലധികമാണ്. ജ്യോതിയുടെയും വില 50 കടന്നിരിക്കുന്നു. ഉണ്ടമട്ട, സുരേഖ ഉള്‍പ്പെടെ എല്ലാ ഇനം അരിയുടെയും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ആന്ധ്രയില്‍ നിന്നുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അരി വരവ് കുറഞ്ഞിതോനൊപ്പം സീസണ്‍ മുന്നില്‍ കണ്ട് വന്‍കിട വ്യാപാരികള്‍ പൂഴ്ത്തിവെയ്പ്പ് നടത്തുന്നതും അരി വില കുതിച്ചുയരാന്‍ ഇടയാക്കിയിട്ടുണ്ട്. 

പൂഴ്ത്തിവെയ്പ്പ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ വിപണിയിലിടപെടണം. കൂടാതെ ജിഎസ്ടി നിരക്കിലുള്ള വര്‍ധനയും ജനങ്ങളുടെ അന്നം മുട്ടിക്കുന്ന തരത്തില്‍ ഇരുട്ടടിയായിരിക്കുന്നു. ഇതിനിടെ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന അരി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നെങ്കിലും ഇത്തവണ റേഷന്‍ വിഹിതമായി പച്ചരിയും കുത്തരിയുമാണ് ലഭിക്കുന്നതെന്നാണ് കാര്‍ഡുടമകള്‍ പറയുന്നത്. 

കൂടുതല്‍ പേരും ഉപയോഗിക്കുന്നത് വെള്ളയരിയാണ്. ഇതും സാധാരണക്കാരുടെ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ കൊടിയ ദുരിതത്തിലേക്ക് പതിക്കും മുമ്പ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും പി ജമീല ആവശ്യപ്പെട്ടു.

Post a Comment

0 Comments