നിലമ്പൂർ : മൂലക്കൂരുവിന്റെ ഒറ്റമൂലി രഹസ്യം തട്ടിയെടുക്കുന്നതിനായി ഷാബാ ഷരീഫിനെ തട്ടിക്കൊണ്ട് വന്നു കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ പ്രതി റിട്ട. എസ്ഐ സുന്ദരനെ പൊലീസ് കോടതിയിൽ ഹാജരാക്കി ജയിലിലേക്കയച്ചു. ഷൈബിന്റെ പല ക്രൂരതകളും കേസില്ലാതെ ഒതുക്കി തീർക്കാൻ സഹായിച്ചതു സുന്ദരനാണെന്നു പൊലീസ് കണ്ടെത്തി.
നിരവധി കേസുകളിൽ പ്രതിയായ വയനാട്ടിലെ അധോലോക നേതാവ് സിസി ജോസുമായി സുന്ദരൻ അടുപ്പം പുലർത്തിയതായി പൊലീസ് കണ്ടെത്തി. ജോസിന്റെ സംഘത്തിലെ ദീപേഷിനെ ബത്തേരി പുത്തൻകുന്നിൽ നിർമാണത്തിലുള്ള ഷൈബിന്റെ ആഢംബര വസതിയിലെത്തിച്ച് മർദിച്ച് മൃതപ്രായനാക്കി വഴിയിൽ തളളി.
വടംവലി മത്സരത്തിൽ ഷൈബിന്റെ ടീം തോറ്റപ്പോൾ പരിഹസിച്ചതാണു വിരോധത്തിന് കാരണം. ഭാഗ്യം കൊണ്ടാണ് അന്ന് ദീപേഷ് രക്ഷപ്പെട്ടത്. കൂട്ടാളികൾ ചിലരെ അറസ്റ്റ് ചെയ്തെങ്കിലും ഷൈബിൻ പിടികൊടുത്തില്ല. ഗൾഫിലായിരുന്ന സുന്ദരനെ നാട്ടിൽ വരുത്തി ജോസും ചേർന്ന് കേസ് ഒത്തുതീർത്തു.
തങ്ങൾക്ക് 3 ലക്ഷം വീതവും ദീപേഷിന് 5 ലക്ഷവും ഷൈബിൻ നൽകിയെന്നു സുന്ദരൻ മൊഴി നൽകി. കേസ് ഒതുക്കി തീർത്തതിന്റെ ആലോഷം തായ്‌ലൻഡിലാണ് നടത്തിയത്. ഷൈബിനൊപ്പം താനും സിസി ജോസ്, ഷാബാ ഷരീഫ് വധക്കേസിലെ പ്രതികളായ തങ്ങളകത്ത് നൗഷാദ്, നിഷാദ്, ശിഹാബുദീൻ, കോഴിക്കോട്ടെ പ്രവാസി വ്യവസായി ഹാരിസ് എന്നിവർ ഉൾപ്പെടെ 21 പേർ പങ്കെടുത്തെന്നു സുന്ദരൻ പൊലീസിനോട് പറഞ്ഞു.
വയനാട്ടിൽ 120 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ ജോസ് ഒരു വർഷമായി ജയിലിലാണ്. പിന്നീട് ദീപേഷിനെ കൂർഗിലെ കുട്ടയിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശിനി എന്നിവർ അബുദാബിയിൽ ഫ്ലാറ്റിലും കൊല്ലപ്പെട്ടു.
ഇരട്ട കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയതിനു ഹാരിസിന്റെ മാനേജർ അൻവറിനെ വകവരുത്താൻ ഷൈബിൻ ശ്രമിച്ചെന്നു സുന്ദരൻ മൊഴി നൽകി. നീക്കം നിരീക്ഷിക്കാൻ ഷരീഫ് വധക്കേസിൽ പ്രതികളായ ചീര ഷഫീഖ്, പൂളകുളങ്ങര ഷബീബ് റഹ്മാൻ എന്നിവരെ നിയോഗിച്ച് രാത്രി അൻവറിന്റെ കാറിൽ അടിഭാഗത്ത് പവർ ബാങ്ക് സഹിതം മൊബൈൽ ഫോൺ ഘടിപ്പിച്ചു. അൻവറിനെ തട്ടിക്കൊണ്ടുവരാൻ 2 മാസക്കാലം നിലമ്പൂരിൽ നിന്ന് ഗുണ്ടാസംഘം കുന്ദമംഗലത്തെത്തി നിരീക്ഷണം നടത്തി.
വീട്ടുപരിസരത്ത് പതുങ്ങിയിരുന്ന മുഖംമൂടി സംഘത്തെ മദ്രസ വിദ്യാർഥി കണ്ട് ബഹളം വച്ചതോടെ ആസൂത്രണം പാളി. ഷരീഫ് വധക്കേസിൽ ഒളിവിലുള്ള കൈപ്പഞ്ചേരി ഫാസിലിനെ നാട്ടുകാർ പിടികൂടി കുന്ദമംഗലം പൊലീസിൽ ഏൽപ്പിച്ചു.
ഷൈബിൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെട്ടു. ഷരീഫ് കൊല്ലപ്പെട്ട ഉടനെ ആണ് സംഭവം. കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ കൊലപാതകം അന്നേ വെളിച്ചത്ത് വരുമായിരുന്നു. കേസ് ഉന്നതർ ഇടപെട്ട് ഒത്തുതീർപ്പാക്കി. ചർച്ചയിൽ താനും പങ്കെടുത്തതായി സുന്ദരൻ വെളിപ്പെടുത്തി.
0 Comments