ആരോപണ വിധേയനായ വ്യക്തിയെ താൻ അറിയാതെ സിവിൽ സപ്ലൈസ് കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ചതിലാണ് അതൃപ്തി. ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ആലപ്പുഴ ജില്ലാ കലക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ഇന്നലെയാണ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലേക്ക് മാറ്റി നിയമിച്ചത്. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ.
വിചാരണ നേരിടുന്ന ആളെ മജിസ്റ്റീരിയൽ പദവിയുള്ള ജില്ലാ കലക്ടർ ആക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെയാണ് ശ്രീറാമിനെ ആലപ്പുഴ കലക്ടർ പദവിയിൽ നിന്ന് സിവിൽ സപ്ലൈസ് വകുപ്പ് ജനറൽ മാനേജർ സ്ഥാനത്തേക്ക് മാറ്റിയത്.
കൊലപാതകക്കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചതിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ശ്രീറാമിനെ സിവിൽ സപ്ലൈസ് വകുപ്പിലേക്ക് മാറ്റി നിയമിച്ചത്. ശ്രീറാമിന് പകരം വി ആർ കൃഷ്ണ തേജിനെയാണ് ആലപ്പുഴ കലക്ടർ ആയി നിയമിച്ചത്.
സപ്ലൈകോയുടെ കൊച്ചി ഓഫീസിലാണ് ശ്രീറാം പ്രവർത്തിക്കേണ്ടത്. ശ്രീറാം വെങ്കിട്ടരാമനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി ലഭിച്ചിട്ടുണ്ട്.
0 Comments