banner

സര്‍ക്കാരിനെതിരായ പാർട്ടി വിമര്‍ശനം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി

സര്‍ക്കാരിനെതിരായ സിപിഎം വിമര്‍ശനം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പറയുന്നത് പോലുള്ള വലിയ പ്രശ്‌നമില്ല. എങ്കിലും പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് വരണമെന്ന നിര്‍ദേശം ഉള്‍ക്കൊള്ളുന്നതായും വിമര്‍ശനങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തണം. മന്ത്രിമാര്‍ക്ക് പരിചയക്കുറവുണ്ട്. എങ്കിലും മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ. ഒന്നാം സര്‍ക്കാരും രണ്ട് വര്‍ഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്ക് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാര്‍ പെരുമാറ്റത്തില്‍ ശ്രദ്ധിക്കണം. ഓഫീസിലെത്തുന്ന ജനങ്ങളെ മടുപ്പിക്കുന്ന തരത്തില്‍ പെരുമാറരുത്. ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ വേണം. വിവിധ ആവശ്യങ്ങള്‍ക്കായാണ് ജനം കാണാനെത്തുന്നത്. ഓഫീസുകളിലെ പെരുമാറ്റം പ്രതിച്ഛായയെ ബാധിക്കുമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പല മന്ത്രിമാരും പരാജയമാണെന്നും ഭരണ രംഗത്തെ പരിചയക്കുറവ് പ്രശ്‌നമാണെന്നുമായിരുന്നു വിമര്‍ശനം. 

നേതാക്കള്‍ വിളിച്ചാല്‍ പോലും ചില മന്ത്രിമാര്‍ ഫോണ്‍ എടുക്കില്ലെന്നു പരാതി ഉയര്‍ന്നു. വിമര്‍ശനം ഉന്നയിച്ചവരില്‍ മുന്‍ മന്ത്രിമാരുമുണ്ട്.

Post a Comment

0 Comments