സഹയാത്രികന്റെ ഫോണില്‍ യാത്രക്കാരി അവിചാരിതമായി കണ്ട സന്ദേശം തെറ്റിദ്ധരിച്ചതാണ് മംഗളൂരു വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ഭീതി പടര്‍ത്തിയത്. ഒപ്പം ഇരുന്നിരുന്ന യുവാവിന്റെ ഫോണില്‍ ‘ബോംബര്‍’ എന്ന വാക്ക് കണ്ടതാണ് യുവതിയെ ഞെട്ടലിലാക്കിയത്.
മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന തന്റെ വനിതാ സുഹൃത്തുമായി തിരക്കിട്ട വാട്‌സാപ്പ് ചാറ്റിങിലായിരുന്നു യുവാവ്. ചാറ്റിങ്ങിനിടെ യുവതി നിങ്ങളൊരു ‘ബോംബര്‍ ആണ്’ എന്ന് വനിതാ സുഹൃത്ത് യുവാവിന്റെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നതായി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഈ സന്ദേശം യുവാവിന്റെ അടുത്തിരുന്ന വനിതാ യാത്രിക കാണാനിടയായി. പരിഭ്രാന്തിയിലായ യാത്രക്കാരി ക്യാബിന്‍ ക്രൂവിനോട് പോലും കാര്യം പറയാതെ നേരിട്ട് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
പൈലറ്റ് ഇക്കാര്യം എയര്‍ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പറന്നുയരാന്‍ റണ്‍വേയിലേക്ക് കടക്കാനിരുന്ന വിമാനം തിരിച്ച് വിളിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കിയ വിമാനം ഐസലോഷന്‍ ബേയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് എല്ലാ ബാഗേജുകളും പരിശോധിച്ചു. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരെ തിരികെ കയറ്റി. വൈകീട്ട് അഞ്ചുമണിയോടെ വിമാനം പറന്നുയര്‍ന്നു. അപ്പോഴേക്കും വിമാനം ആറ് മണിക്കൂര്‍ വൈകിയിരുന്നു.
185 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫോണില്‍ ‘ബേംബര്‍’ സന്ദേശം വന്ന യുവാവിനെ ഈ വിമാനത്തില്‍ കയറ്റിവിട്ടില്ല. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. വനിതാ സുഹൃത്തിനും ഇതിനോടകം ബുക്ക് ചെയ്ത വിമാനം നഷ്ടപ്പെട്ടിരുന്നു.
0 Comments