banner

മകന് നേരെ ബസ് ജീവനക്കാര്‍ കത്തിവീശി; പിതാവ് കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം : മകന് നേരെ ബസ് ജീവനക്കാര്‍ കത്തി വീശുന്നത് കണ്ട് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേമ്പറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി ഏഴേമുക്കാലോടെ പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് കാറോടിച്ചിരുന്നത്. സ്വകാര്യ ബസ് അമിത വേഗതയില്‍ മറികടന്നപ്പോള്‍ കാറിന്റെ സൈഡ് ഗ്ലാസില്‍ തട്ടിയതിനെത്തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. ഫര്‍ഹാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഫര്‍ഹാന്‍ ബസിനു മുന്നില്‍ കാര്‍ നിര്‍ത്തുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു. ഇതിനിടെ ബസ് ജീവനക്കാര്‍ കത്തിയെടുത്ത് ഫര്‍ഹാനെ കുത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്.

ഇദ്ദേഹത്തെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ ബസ് ജീവനക്കാര്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇവരെ തിരിച്ചറിഞ്ഞെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഫര്‍ഹാന്റെ കൈയില്‍ മുറിവേറ്റിട്ടുണ്ട്.

إرسال تعليق

0 تعليقات