banner

ശബരിമല ശ്രീകോവിലിലെ ചോർച്ച; ഇടപെട്ട് ഹൈക്കോടതി

ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ ജോലികളും സെപ്റ്റംബര്‍ ഏഴിനകം പൂര്‍ത്തിയാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. മേൽക്കൂരയിലെ കഴുക്കോലില്‍ പൊതിഞ്ഞ ചെമ്പ് തകിടുകൾ ഉറപ്പിക്കാൻ ഉപയോഗിച്ച ആണികളിലൂടെ മഴവെള്ളം ഒലിച്ചിറങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്. മേൽക്കൂരയുടെ കഴുക്കോലിന് മുകളിൽ തേക്ക് പലക ഉറപ്പിച്ച് ചെമ്പുപാളി അടിച്ചതിന് ശേഷമാണു സ്വർണം പൊതിഞ്ഞിട്ടുള്ളത്. സ്വർണപ്പാളിക്ക് ഇടയിലൂടെ വെള്ളം ഇറങ്ങാതിരിക്കാൻ ഒട്ടിച്ച സിലിക്കയും പലഭാഗത്തും ഇളകിയിരുന്നു. കഴുക്കോലിലൂടെ വെള്ളം ഒലിച്ചു വരുന്നതിനാൽ പലകയിലേക്കു വെള്ളം ഇറങ്ങുന്നുണ്ട്.

ഇതേതുടർന്ന് ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശ ഉപയോഗിക്കും. ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ ഈ മാസം 22 ന് തുടങ്ങിയിരുന്നു. ഓണത്തിന് നട തുറക്കുന്നതിന് മുമ്പ് പ്രവൃത്തികൾ പൂര്‍ത്തിയാക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിലയിരുത്തല്‍ . സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചിരുന്നെങ്കിലും പിന്നീട് ബോർഡ് തന്നെ നിർമാണം നടത്താം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. അതേസമയം ശ്രീകോവിലിന് അകത്തേക്ക് ചോര്‍ച്ചയിലെന്ന് തന്ത്രി ദേവസ്വം അധികൃതരെ അറിയിച്ചു.

ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് 22ന് ശബരിമല നട അടച്ചിരുന്നു. തിരുവോണത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകള്‍ക്കായി സെപ്റ്റംബര്‍ 6 ന് നടതുറന്ന് പത്തിന് അടയ്ക്കും. ശേഷം കന്നിമാസ പൂജകള്‍ക്കായി 16ന് വീണ്ടും നടതുറന്ന് 21ന് അടയ്ക്കും.

Post a Comment

0 Comments