പാലക്കാട് : സിപിഎം പ്രവർത്തകൻ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് നാല് പേർ കൂടി അറസ്റ്റിലായതോടെ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. സിദ്ധാർത്ഥൻ, ആവാസ്, ജിനേഷ്, ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവർ കൊലപാതകത്തിന് മുമ്പും ശേഷവും സഹായം ചെയ്തു നൽകിയെന്നാണ് പോലീസ് കണ്ടെത്തൽ.
തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, കൊലപാതകികൾക്ക് ആയുധം എത്തിച്ച് നൽകൽ, പ്രതികളെ ഒളിവിൽ താമസിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ ആവാസിനെ കാണാതായെന്ന് കാണിച്ച് പ്രതിയുടെ അമ്മ കോടതിയിൽ പരാതി നൽകിയിരുന്നു. ചോദ്യം ചെയ്യാൻ പോലീസ് കൊണ്ടുപോയതിന് പിന്നാലെ മകനെ കാണാനില്ലെന്നായിരുന്നു അമ്മയുടെ പരാതി. തുടർന്ന് അഭിഭാഷക കമ്മീഷനെ കോടതി നിയോഗിച്ചെങ്കിലും ആവാസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചിരിക്കുന്നത്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് പാർട്ടി പ്രവർത്തകരാണെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തങ്ങൾ സിപിഎം പ്രവർത്തകരാണെന്ന് പ്രതികൾ തന്നെയാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഷാജഹാനെ വധിച്ചത് ബിജെപിക്കാരാണെന്ന് വരുത്തി തീർക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുമ്പോഴായിരുന്നു പ്രതികളുടെ നിർണായ വെളിപ്പെടുത്തലുണ്ടായത്.
0 Comments