banner

പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചു; കുഴിയിൽ വീണ സ്കൂട്ടറിന്റെ മുൻഭാഗം അടർന്നുമാറി; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

കോഴിക്കോട് : കുടിവെള്ള പദ്ധതിയുടെ പൈപ്പ് കടന്നു പോകുന്നതിനായി എടുത്ത റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിൻ്റെ മുൻഭാഗം അടർന്നുമാറി. പന്തീരാങ്കാവ് ചാലിക്കര സ്വദേശിയായ അസിം അൻസാറിന്റെ വാഹനമാണ് കുഴിയിൽ വീണുണ്ടായ അപകടത്തിൽ മുൻഭാഗം അടർന്നുമാറിയത്. അസിം അൻസാർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവിന് സമീപമാണ് അപകടം. വാഹനത്തിന്റെ ഫോർക്ക് തകർന്ന് മുൻചക്രം വേർപ്പെട്ട നിലയിലാണ്.

അപകടത്തിൽ മറ്റൊരു ബൈക്കിനും കേടുപാട് പറ്റിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള ഈ കിടങ്ങിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഓട്ടോറിക്ഷയും മറിഞ്ഞിരുന്നു. ബൈപ്പാസിൽ അത്താണിക്ക് സമീപം പന്തീരാങ്കാവിലേക്കുള്ള പഴയ റോഡിലെ കുഴിയിൽ കുടുങ്ങിയാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് സ്ഥാപിക്കാൻ റോഡിനു കുറുകെ പ്രവൃത്തി നടത്തിയ ഭാഗമാണ് വലിയ കിടങ്ങായിക്കിടക്കുന്നത്. കിടങ്ങ് നികത്താനായി വലിയ കരിങ്കല്ലുകൾ ഇട്ടതോടെ കൂടുതൽ അപകടാവസ്ഥയായി. സമീപകാലത്ത് മിനി ബസ് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ കുഴികൾ അടച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ കിടങ്ങിന് ആഴം വർധിച്ചിരിക്കുകയാണ്. സമീപകാലത്ത് പുതുക്കിപ്പണിത റോഡിലാണ് ഈ വലിയ കുഴി.

Post a Comment

0 Comments