പറവൂർ : ദുരിതാശ്വാസ ക്യാംപിൽ സന്ദർശനത്തിന് എത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാശിപിടിച്ചിരുന്ന കുഞ്ഞ് ജയപ്രസാദിന്റെ സങ്കടത്തിന് അറുതി വരുത്തിയിരിക്കുകയാണ്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് എളന്തിക്കര ഗവ. എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കുടുംബത്തോടൊപ്പം എത്തിയതാണ് ജയപ്രസാദ്. ക്യാമ്പ് നടക്കുന്ന അതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ജയപ്രസാദ്.
അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്തിനാണ് വാശിപിടിക്കുന്നതെന്ന് ചോദിച്ചറിയുകയായിരുന്നു. ഒരു ചെരിപ്പ് പോയതിനാൽ ഒക്കത്തുനിന്നിറങ്ങാതെ വാശി പിടിച്ചിരിക്കുകയാണ് മകനെന്ന് അമ്മ പറഞ്ഞു. സാരമില്ല നമുക്ക് പുത്തൻ ചെരിപ്പ് വാങ്ങാമെന്ന് വാക്ക് നൽകിയതോടെ, ‘എനിക്ക് ബെൽറ്റുള്ള ചെരിപ്പ് വേണം’- എന്നായി കുട്ടി.
അതിനെന്താ! ബെൽറ്റുള്ളത് തന്നെ വാങ്ങാമെന്ന് പറഞ്ഞ് ജയപ്രസാദിന് ചെരിപ്പ് വാങ്ങാൻ വിഡി സതീശൻ തന്നെ കൈപിടിച്ച് ഇറങ്ങികയായിരുന്നു. സ്റ്റേറ്റ് കാറിൽ പ്രതിപക്ഷ നേതാവിനൊപ്പം ജയപ്രസാദും ചെരിപ്പുകട അന്വേഷിച്ച് തിരിച്ചു. പിന്നീട് കടയിലെത്തി ചെരിപ്പ് ഇട്ടു നോക്കി ഇഷ്ടപ്പെട്ട് വാങ്ങിയതോടെ ജയപ്രസാദിന് അതിസന്തോഷമായി.
പിന്നീട് ജയപ്രസാദിന് ചായക്കടയിൽ നിന്നും ചായയും പലഹാരവും വാങ്ങി നൽകിയാണ് പ്രതിപക്ഷ നേതാവ് തന്നെ അവനെ തിരിച്ച് ക്യാമ്പിൽ കൊണ്ടുവിട്ടത്. തെനപ്പുറം മൂലാന്തറ മഹേഷിന്റെയും ബിന്ദുവിന്റെയും മകനാണ് ജയപ്രസാദ്. പ്രമേഹം മൂലം അസുഖബാധിതനായ മഹേഷിന്റെ ഇരുകാലും മുറിച്ചുകളഞ്ഞതാണ്. ഭാഗ്യക്കുറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ഇതിനിടാണ് ദുരിതമായി മഴ എത്തിയത്. ചൊവ്വാഴ്ച വൈകീട്ടാണ് ഇവരുടെ വീട്ടിൽ വെള്ളം കയറിയത്.
0 Comments