സ്വർണ്ണപണയ സ്ഥാപന ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് മോഷണം നടത്തിയ സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ. ബാഗിലുണ്ടായിരുന്ന 20 പവന്റെ സ്വർണ്ണ പണയ ഉരുപ്പടികളും മൂന്നേമുക്കാൽ ലക്ഷം രൂപയും കവർച്ച പോയത്.തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കടയിൽ കഴിഞ്ഞമാസം 27 ന് രാത്രിയായിരുന്നു കവർച്ച നടന്നത്. കവർച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാൽ പുത്തൻകോട്ട വട്ടവിള വലിയവിള മേലേ വീട്ടിൽ നവീൻ സുരേഷിൻറെ (28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തത്.
യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് രണ്ട് പവന്റെ സ്വർണ്ണവും നാലരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കേസിൽ നേരത്തെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിൽ ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നായിരുന്നു കവർച്ച ചെയ്ത സ്വർണ്ണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നൽകിയത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന യുവതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ നെടുമങ്ങാടുളള ഒരു ജ്വല്ലറയിൽ സ്വർണ്ണം വിൽക്കുന്നതിനിടെയാണ് ഇവർ പിടിക്കപ്പെട്ടത്. കുറച്ച് സ്വർണ്ണം ആദ്യം ഒരു ജ്വല്ലറിയിൽ വിറ്റ ശേഷം അതേ നിരയിലുളള മറ്റൊരു ജ്വല്ലറിയിലെത്തി വീണ്ടും സ്വർണ്ണം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും കവർച്ച നടത്തിയ സ്വർണ്ണം വിറ്റ വകയിൽ ലഭിച്ച നാലര ലക്ഷം രൂപയാണ് യുവതിയുടെ കൈയിൽ നിന്ന് പിടികൂടിയതെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു.
0 Comments