കിഫ്ബി വിഷയത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എതു സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നൽകുമെന്നാണ് വിവരം.
ഇത് രണ്ടാം തവണയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. അതിനിടെ കിഫ്ബിയേയും മസാല ബോണ്ടുകളെയും പറ്റി വ്യക്തത നൽകണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് നൽകിയ സമൻസുകർക്കെതിരെയുള്ള മുൻ ധനമന്ത്രി തോമസ് ഐസക്കിൻറെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിദേശ നാണ്യ വിനിമയ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമൻസെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താൻ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ സമൻസുകളിൽ പറയുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബിയുടെ എല്ലാ പ്രവർത്തനങ്ങളും നിയമപരമാണ്.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ വിശദീകരിക്കുന്നു. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
കിഫ്ബിക്കെതിരായ ഇഡി നീക്കത്തിനെതിരെ അഞ്ച് എം എൽ എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.
നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B
), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.
0 Comments