banner

ലഹരിക്കേസിലെ പ്രതികളെ കാണാനെത്തി; കൊല്ലത്ത് പൊലീസുകാർക്ക് നേരെ അക്രമം

കൊല്ലം : ലഹരിക്കേസിലെ പ്രതികളെ കാണാനെത്തിയവർ പൊലീസ് ഉദ്യോഗസ്ഥനെ പരിക്കേല്പിച്ചു. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിലാണ് പൊലീസിന് നേരെ അക്രമണ സംഭവം അരങ്ങേറിയത്. എ.എസ്.ഐ പ്രകാശനെ ആക്രമിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പിടികൂടിയ ലഹരിക്കേസിലെ പ്രതികളെ കാണാനെത്തിയവർ സ്റ്റേഷനിൽ അതിക്രമം കാട്ടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശനെ ആക്രമിക്കുകയും ആയിരുന്നു. ആക്രമണത്തിൽ പ്രകാശന് തലയ്ക്ക് പരുക്കേറ്റിട്ടുള്ളതായും ഇടിവള ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടായിരുന്നു അക്രമമെന്നും പൊലീസ് വ്യക്തമാക്കി. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടുകാട് സ്വദേശികളായ വിഗ്നേഷ്, വിഷ്ണു  എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനിൽ അതിക്രമിച്ച് കടക്കൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യേഗസ്ഥന് നേരെയുള്ള അക്രമം, കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയാകും ഇവർക്കെതിരെ കേസ് എടുക്കുകയെന്നാണ് സൂചന.

അതേ സമയം, കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. പേരൂര്‍ സ്വദേശി അജു ഇയാളുടെ ഭാര്യ ബിന്‍ഷ കിളിക്കൊല്ലൂർ പാല്‍ക്കുളങ്ങര സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍ തുടങ്ങിയവരാണ് എം.ഡി.എം.എയും കഞ്ചാവുമായി കിളിക്കൊല്ലൂർ പൊലീസിൻ്റെ പിടിയിലായത്. 

കരിക്കോട് ഷാപ്പ്മുക്കിന് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ ഒരു മാസത്തിൽ താഴെയായി താമസിച്ചു വരുകയായിരുന്നു പ്രതികൾ. ഇത് സംബന്ധിച്ച് വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതോടെ പ്രതികളുടെ നീക്കം പിന്തുടർന്ന് അന്വേഷണം നടത്തുകയും. തുടർന്ന് ഇന്ന് ലോഡ്ജ് റെയ്ഡ് ചെയ്ത് പ്രതികളെ വിദഗ്ദമായി പിടികൂടുകയും ആയിരുന്നു.

പ്രതികളിൽ നിന്നായി 19 ഗ്രാം എം ഡി എം എ 30 ഗ്രാം കഞ്ചാവ് എന്നിവയും ഒന്നര ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തതായി വിവരമുണ്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ 
അടിസ്ഥാനത്തിൽ ഡി.സി.പി സക്കറിയാ മാത്യു, കിളിക്കൊല്ലൂർ സി.ഐ വിനോദ്, എസ്.ഐ അനീഷ്, ഡാന്‍സാഫ് എസ്.ഐ ജയകുമാര്‍ എസ്.സി.പി.ഒ സജു, സീനു, മനു, രിപു, രതീഷ് തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments