banner

കൊല്ലത്ത് ഒരു ലക്ഷത്തിലധികം വില വരുന്ന ടിക്കറ്റുകള്‍ മോഷ്ടിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

കൊല്ലം : കോഴഞ്ചേരിയിൽ നിന്ന് ആര്യങ്കാവിലേക്ക് കൊടുത്തുവിട്ട 1.36 ലക്ഷം വിലമതിക്കുന്ന 4200 ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ. ആര്യങ്കാവ് പൂത്തോട്ടം സ്വദേശി സുധീഷ്, കുളത്തൂപ്പുഴ മാർത്താണ്ഡകര സ്വദേശി സജിമോൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. 

ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ആര്യങ്കാവ് ഭരണി ലക്കി സെന്ററിലേക്ക് കൊടുത്തുവിട്ട ലോട്ടറിയാണ് മോഷണംപോയത്.സാധാരണയായി കോഴഞ്ചേരിയിൽ നിന്ന് കെഎസ്ആർടിസിയിലാണ് ലോട്ടറി കൊടുത്തുവിടുന്നത്. ആര്യങ്കാവിൽ എത്തുമ്പോൾ ബസ് ജീവനക്കാർ ലോട്ടറി ഏജൻസിക്ക് ടിക്കറ്റ് അടങ്ങുന്ന ലഗേജ് കൈമാറുകയാണ് പതിവ്.

ചൊവ്വാഴ്ച രാത്രി സമാനരീതിയിൽ കോട്ടയം-തെങ്കാശി ബസ് ലോട്ടറികടയുടെ മുന്നിൽ നിർത്തിയപ്പോൾ ഒരാൾവന്നു ലോട്ടറി കൈപ്പറ്റുകയും ചെയ്തു. എന്നാൽ ഏജൻസിക്ക് ലോട്ടറി കിട്ടാത്തതിനാൽ അവർ കോഴഞ്ചേരിയിൽ ബന്ധപ്പെട്ടപ്പോൾ കൊടുത്തുവിട്ടതായി മറുപടി ലഭിച്ചു.ബസ് ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ലോട്ടറി ഒരാൾക്ക് കൈമാറിയതായും അറിയിച്ചു. 

ഇതോടെ ഏജൻസി തെന്മല പോലീസിൽ പരാതിനൽകി. പോലീസ് അന്വേഷണത്തിൽ സംഭവം നടക്കുമ്പോൾ രണ്ടു കെഎസ്ആർടിസി ബസുകൾ കടന്നുപോയെന്ന് മനസ്സിലായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് ലോട്ടറി കടത്തിയ സുധീഷിനെ തിരിച്ചറിഞ്ഞത്.

ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലോട്ടറി മാർത്താണ്ഡകരം സ്വദേശി സജിമോന് കൈമാറിയതായും അറിഞ്ഞു.തുടർന്ന് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ പോലീസ് ഇരുവരെയും പിടികൂടുകയും ലോട്ടറി കണ്ടെത്തുകയും ചെയ്തു.

കണ്ടെത്തിയ ലോട്ടറികൾ വ്യാഴം,വെള്ളി ദിവസങ്ങളിൽ നറുക്കെടുപ്പ് നടന്നവയാണ്. കണ്ടെത്തിയ ലോട്ടറിയിൽ 40000 ഓളം രൂപയുടെ സമ്മാനമുള്ളതായി ലോട്ടറി ഏജൻസി പോലീസിനോട് പറഞ്ഞു. തെന്മല സ്റ്റേഷൻ ഓഫീസർ കെ.ശ്യാം, എസ്.ഐ സുബിൻ തങ്കച്ചൻ, സി.പി.ഒമാരായ അനീഷ്, സുജിത്, വിഷ്ണു, രഞ്ജിത്ത്, നിതിൻ, ജ്യോതിഷ് എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments