banner

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മഴയുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 03) അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി.

കൊല്ലത്ത് കനത്ത ജാഗ്രത: മഴയെ നേരിടാൻ വിവിധ നിർദ്ദേശങ്ങളുമായി ജില്ലാ കളക്ടർ

കൊല്ലം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ നേരിടാൻ വിവിധ നിർദ്ദേശങ്ങളുമായി ജില്ലാ കളക്ടർ. കൊല്ലം ജില്ലയില്‍ ആഗസ്റ്റ് 3 വരെ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിവിധ വകുപ്പ് മേധാവികൾക്കും, പൊതുജങ്ങങ്ങൾക്കുമുള്ള ജാഗ്രത നിർദേശങ്ങൾ ജില്ലാ കളക്ടർ അഫ്‌സാന പർവീൺ പുറപ്പെടുവിച്ചത്. 

നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം താഴെ...


കേരളത്തിൽ വ്യാപകമായി മിതമായ മഴയും ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ/അതിശക്തമായ മഴ സാധ്യതയുണ്ടെന്നതിനാൽ കൊല്ലം ജില്ലയില്‍ ആഗസ്റ്റ് 3 വരെ ഓറഞ്ച് (Orange) അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഇത്തരത്തിൽ ശക്തമായ മഴയുണ്ടാകാനിടയുളള സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ട് രൂപപ്പെടുവാനും ആയത് വെളളപ്പൊക്കത്തിലേക്ക് നയിച്ചേക്കുവാനും ഇടയുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുളളതിനാൽ അപകടസാദ്ധ്യത ലഘൂകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്.   

ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിഷ്കർഷിച്ചിരിക്കുന്നതിന്‍ പ്രകാരമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ നടപ്പിലാക്കേണ്ടതുണ്ട്.  

ആയതിനാൽ കൊല്ലം ജില്ലയില്‍ കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 26(2), 30(1), 30(2)III, IV, V, VI, XI, XVI, XVIII, 33, 34 എന്നീ വകുപ്പുകള്‍ പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയും പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

വിവിധ വകുപ്പ് മേധാവികൾക്ക് നൽകിയ ഉത്തരവുകളും പൊതുജങ്ങങ്ങൾക്കുള്ള ജാഗ്രത നിർദേശങ്ങളും ശ്രദ്ധിക്കുക.

1. ജില്ലയിലെ തീരപ്രദേശത്തു നിന്നും മൂന്ന് ദിവസത്തേക്ക് (ആഗസ്റ്റ് 1, 2, 3, 4 തീയതികള്‍) മത്സ്യബന്ധനത്തിന് കടലിൽ പോകുവാന്‍ പാടുള്ളതല്ല. പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം തിരികെ കരയില്‍ എത്തിച്ചേരേണ്ടതാണ്. (നടപടി – ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ്, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്)

2. ശക്തമായ കാറ്റ് വീശുവാനുളള മുന്നറിയിപ്പ് ഉളളതിനാൽ അപകടാവസ്ഥയിലുളള മരങ്ങളും അവയുടെ ചില്ലകളും മുറിച്ചു മാറ്റുവാനോ കോതി ഒതുക്കുവാനോ ഉളള നടപടികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും മരങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ കൈവശക്കാരായ സർക്കാർ വകുപ്പുകളും സ്വീകരിക്കേണ്ടതാണ്. കൂടാതെ റോഡിനിരുവശവും അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യേണ്ടതാണ്. (നടപടി – എല്ലാ ജില്ലതല വകുപ്പ് മേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും) 

3. കെട്ടിടങ്ങളുടെ മുകളിലും റോഡുകൾക്കിരുവശവും സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, ബാനറുകൾ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതാണ്. (നടപടി - തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍)

4. അതിശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാദ്ധ്യതയുളള സാഹചര്യത്തിൽ ആശുപത്രികളിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ സംസ്ഥാന വൈദ്യുതി ബോർഡിനെ ചുമതലപ്പെടുത്തുന്നു. (നടപടി – ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കെ.എസ്.ഇ.ബി.എൽ കൊല്ലം/ കൊട്ടാരക്കര ) 

5. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കൺട്രോൾ റൂമുകൾ ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളില്‍ സുസജ്ജമായി പ്രവർത്തിപ്പിക്കുവാൻ (വാഹനം ഉൾപ്പടെ) ജില്ലയിലെ 6 താലൂക്ക് തഹസിൽദാർമാർക്കും നിർദ്ദേശം നല്കുന്നു. ഇവിടെ കുറഞ്ഞപക്ഷം ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള 1 ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ കുറഞ്ഞത്‌ 4 പേരെയെങ്കിലും നിയോഗിക്കേണ്ടതാണ്. (നടപടി – കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ)

6. പോലീസ് / ഫയര്‍ & റസ്ക്യു കൺട്രോൾ റൂമുകളും ഏതൊരു അടിയന്തര സാഹചര്യങ്ങളും നേരിടാൻ തക്കവിധം സുസജ്ജമായിരിക്കേണ്ടതാണ്. (നടപടി – ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി/ റൂറൽ, ജില്ലാ ഫയർ ഓഫീസർ, കൊല്ലം.)

7. മലയോര മേഖലകളിലേയും, ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കാൻ വനം വകുപ്പും, ഡി റ്റി പി സി സെക്രട്ടറിയും ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് (നടപടി – DFO തെന്മല/ പുനലൂർ/ അച്ചൻകോവിൽ/ സെക്രട്ടറി, DTPC കൊല്ലം/ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ടൂറിസം, കൊല്ലം/തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി )

8. ജില്ലയിൽ ലഭ്യമായ ക്രെയിനുകളും, മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യം വരുന്ന മുറക്ക് വിന്യസിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തുന്നു. (നടപടി – RTO കൊല്ലം,)

9. കെ എസ് ഇ ബി യുടെയും, പൊതുമരാമത്തു വകുപ്പിന്‍റെയും കാര്യാലയങ്ങളിൽ അടിയന്തര റിപ്പയർ സംഘങ്ങളെ സജ്ജമാക്കി നിർത്താൻ വൈദ്യുതി വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നിർദ്ദേശം നൽകുന്നു. (നടപടി – കെ എസ് ഇ ബി കൊല്ലം /കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ,കൊല്ലം പൊതുമരാമത്തു (നിരത്തു ,ദേശീയ പാത, കെ.എസ്.റ്റി.പി) എക്സിക്യൂട്ടീവ് എഞ്ചിനീയർ) 

10. ജില്ലയിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിപ്പിക്കുവാൻ ആവശ്യമായ കെട്ടിടങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സുസജ്ജമാക്കി വക്കേണ്ടതും വില്ലേജാഫീസർമാർ അവയുടെ താക്കോൽ കൈവശം സൂക്ഷിക്കേണ്ടതുമാണ്. (നടപടി – കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ; തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍)

11. ഉരുൾ പൊട്ടൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷ / ജാഗ്രതാ നിർദ്ദേശം നൽകേണ്ടതും ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കേണ്ടതുമാണ്. (നടപടി – കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം,കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ)

12. ജില്ലയിലെ എല്ലാ വിധത്തിലുമുള്ള ഖനന പ്രവർത്തനങ്ങളും ഓറഞ്ച് അലര്‍ട്ടുള്ള ദിവസങ്ങളില്‍ നിരോധിച്ചിരിക്കുന്നു. കിണറിനും നിര്‍മ്മാണത്തിനുമുള്ള കുഴിയെടുപ്പ് മണ്ണെടുപ്പ് തുടങ്ങിയവ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നതുവരെ നിറുത്തിവക്കേണ്ടതാണ് (നടപടി – ജിയോളജിസ്റ്റ്, കൊല്ലം / കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കരുനാഗപ്പളളി തഹസീൽദാർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍)

13. നദീതീരങ്ങളിലും പാലങ്ങളിലും വെള്ളച്ചാട്ടമുള്ള പ്രദേശങ്ങളിലും കൂട്ടം കൂടി നിൽക്കുന്നതും, വിനോദങ്ങളിൽ ഏർപ്പെടുന്നതും ടി സ്ഥലങ്ങളില്‍ നിന്ന് സെൽഫിയെടുക്കുന്നതും നിരോധിച്ചിരിക്കുന്നു. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ മൈക്ക് അനൗൺസ്മെൻറ്റിലൂടെയും ,അല്ലാതെയും പൊതു ജനങ്ങളെ അറിയിക്കേണ്ടതാണ്. (നടപടി – സെക്രട്ടറി, കൊല്ലം കോർപ്പറേഷൻ/ പരവൂർ, കരുനാഗപ്പളളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികൾ, ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ) 

14. ജില്ലയില്‍ നിലവിലുള്ള വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പരാജയപ്പെടുന്ന പക്ഷം പകരം അടിയന്തര വാര്‍ത്താ വിനിമയ സംവിധാനം ഏര്‍പ്പെടുത്താന്‍ BSNL നെ ചുമതലപ്പെടുത്തുന്നു. (നടപടി – ജനറൽ മാനേജർ, BSNL കൊല്ലം)  

15. ജില്ലയിലെ എല്ലാ സാമൂഹ്യ / പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ടതും എമര്‍ജെന്‍സി ലൈഫ് സപ്പോര്‍ട്ട് നല്‍കാന്‍ വൈദഗ്ധ്യമുള്ള ഒരു ആരോഗ്യ പ്രവര്‍ത്തകനെങ്കിലും ഉണ്ടായിരിക്കേണ്ടതുമാണ്. കൂടാതെ താലൂക്ക് തലത്തില്‍ ഓരോ എമര്‍ജെന്‍സി മെഡിക്കല്‍ ടീമിനെയും തയ്യാറാക്കി നിർത്തേണ്ടാതാണ് . (നടപടി – DMO (H) കൊല്ലം)  

16. ജില്ലയില്‍ 6 താലൂക്കുകളിലും 100 കിലോഗ്രാം അരി, 50 കിലോഗ്രാം പയര്‍, 10 ലിറ്റര്‍ ഭക്ഷ്യ എണ്ണ, 75 ലിറ്റര്‍ മണ്ണെണ്ണ എന്നിവ ആവശ്യം വന്നാൽ ഉപയോഗിക്കുവാനായി കരുതി വയ്ക്കേണ്ടതാണ്. (നടപടി – ജില്ലാ സപ്ലൈ ഓഫീസർ, കൊല്ലം)

17. ജില്ലയിലെ 6 താലൂക്കുകളിലേയ്ക്കും ആവശ്യമെങ്കിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെ.എസ്.ആർ.ടി.സി ബസ്സുകൾ തയ്യാറാക്കി നിർത്തേണ്ടതാണ്. (നടപടി – ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, കൊല്ലം)

18. തെന്മല, പരപ്പാർ ഡാമിലെ ജലനിരപ്പ് ബന്ധപ്പെട്ട കെ.ഐ.പി എക്സിക്യുട്ടീവ് എഞ്ചിനീയർ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതും റൂൾ കർവ് പ്രകാരമുളള ജലനിരപ്പ് മാത്രം നിലനിർത്തുവാനും നടപടി സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം ജില്ലയിലെ നദികളിലേയും കായലുകളിലേയും മറ്റു ജലാശയങ്ങളിലേയും ജലനിരപ്പ് ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ജലസേചന വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർമാർ സ്വീകരിക്കേണ്ടതാണ്.
(നടപടി - എക്സിക്യുട്ടീവ് എഞ്ചിനീയർ, ജലസേചന വിഭാഗം/ ചെറുകിട ജലസേചന വിഭാഗം/ കല്ലട ഇറിഗേഷൻ പ്രോജക്ട്/ ഇന്‍ലാന്റ് നാവിഗേഷന്‍)

19. ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഓറഞ്ച് അലര്‍ട്ടുള്ള തീയതികളിൽ വൈകുന്നേരം 7 മുതൽ രാവിലെ 7 മണിവരെ നിയന്ത്രിക്കേണ്ടതാണ്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കുവാൻ പാടുളളതല്ല.  
(നടപടി – ജില്ലാ പോലീസ് മേധാവി, റൂറൽ/ റീജിയണൽ ട്രാൻപോർട്ട് ഓഫീസർ, കൊല്ലം/ എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയപാത വിഭാഗം, കൊല്ലം)

20. ശക്തമായ കാറ്റിൽ പറന്നു പോകുവാനോ തകരുവാനോ സാദ്ധ്യതയുളള മേൽക്കൂരയുളള വീടുകളിൽ താമസിക്കുന്നവരെ മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറ്റുവാൻ നടപടി സ്വീകരിക്കേണ്ടതാണ്. (നടപടി – ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ/ വില്ലേജ് ഓഫീസർമാർ)

21. ജലസേചന വകുപ്പിന്റേയും കെ.എസ്.ഇ.ബി, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത് എന്നീ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെ ഏകോപനത്തിനായി ജില്ലാ അടിയന്തരഘട്ടകാര്യ നിർവ്വഹണ കേന്ദ്രത്തിലേക്ക് നിയോഗിക്കേണ്ടതാണ്. (നടപടി – ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികൾ).

22. ജില്ലാ അടിയന്തരഘട്ട കാര്യ നിർവ്വഹണ കേന്ദ്രത്തിൽ നിന്നും നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം പ്രവർത്തനക്ഷമമാക്കാൻ താലൂക്ക് ഇൻസിഡന്റ് കമാന്റർമാർ സജ്ജരായിരിക്കേണ്ടതാണ്. 

23. അവധി ദിവസങ്ങളില്‍ യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരുടെ സ്റ്റേഷന്‍ പരിധി വിട്ടു പോകുവാന്‍ പാടുള്ളതല്ല. കൂടാതെ ഉദ്യോഗസ്ഥര്‍ അവരുടെ CUG നമ്പര്‍ സ്വിച്ച് ഓഫ് ചെയ്യുവാന്‍ പാടുള്ളതുമല്ല.

ഇതിനു പുറമേ പൊതുജനങ്ങൾക്കായി ഉപദേശരൂപേണ താഴെ പറയുന്ന നിർദ്ദേശങ്ങളും നൽകുന്നു.

1. പൊതുജനങ്ങൾ പരമാവധി വീടിനുളളിൽ തന്നെ കഴിയാനും എന്നാൽ പ്രളയ 
മേഖലയിലും, മണ്ണിടിച്ചിൽ മേഖലയിലുമുളള ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാനും നിര്‍ദ്ദേശിക്കുന്നു.

2. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. ബീച്ചുകളില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

4. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

5. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. കൂടാതെ ചാലുകള്‍ /ചപ്പാത്തിന് മുകളിലൂടെ ശക്തമായ നീരൊഴുക്ക് ഉണ്ടെങ്കില്‍ മുറിച്ച് കടക്കുന്‍ പാടുള്ളതുമല്ല.

6. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശ്ശനമായും ഒഴിവാക്കുക.

7. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

8. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

9. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

10. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

11. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

12. ജില്ലയിലെ ജലാശയങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതും പ്രധാനപ്പെട്ട രേഖകൾ അടക്കമുള്ള വിലപ്പെട്ട വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടതുമാണ്.

13. പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.  

അടിയന്തര ഘട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം 
    ലാൻഡ് ലൈൻ : 0474-2794002, 2794004
    മൊബൈൽ : 9447677800 (വാട്ട്സാപ്പ്)
    ടോൾ ഫ്രീ നമ്പർ : 1077 
താലൂക്ക് കൺട്രോൾ റൂം 
    കരുനാഗപ്പള്ളി : 0476-2620233 
    കുന്നത്തൂർ : 0476-2830345 
    കൊല്ലം : 0474-2742116 
    കൊട്ടാരക്കര : 0474-2454623 
    പത്തനാപുരം : 0475-2350090 
    പുനലൂർ : 0475-2222605

ചെയർപേഴ്സൺ
ജില്ലാ ദുരന്തനിവാരണ അതോറിറ്റി & 
ജില്ലാ കളക്ടർ, കൊല്ലം

Post a Comment

0 Comments