തിരുവനന്തപുരം : ഓണം സീസണ്‍ അടുത്തതോടെ പച്ചക്കറികള്‍ക്കും പലവ്യഞ്ജനത്തിനും വില കുതിച്ചുയരുന്നു. പച്ചക്കറികള്‍ക്ക് മുപ്പതുരൂപ വരെ വിലകൂടിയപ്പോള്‍ അരി 38 രൂപയില്‍ നിന്ന് അമ്പത്തിമൂന്നായി. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലെ കൃഷിനാശത്തിനൊപ്പം ഉത്സവസീസണ്‍ കൂടിയെത്തുന്നതോടെ സദ്യയൊരുക്കാനുള്ള ചെലവേറും.
ഓണം മുന്നില്‍ക്കണ്ട് പച്ചക്കറി കൃഷി ഇറക്കിയ കര്‍ഷകരുടെ പ്രതീക്ഷകളൊക്കയും വെള്ളത്തിലായതോടെ ഓണവിപണിയിലേക്കുള്ള നാടന്‍ പച്ചക്കറിയുടെ വരവ് കുറഞ്ഞു. അപ്രതീക്ഷിതമായി കര്‍ണാടകയിലും ആന്ധയിലും തമിഴ്നാട്ടിലും മഴപെയ്തതോടെ അന്യസംസഥാനങ്ങളില്‍ നിന്നുള്ള വരവും കുറഞ്ഞു. എന്നാല്‍ മാങ്ങാ,ഇഞ്ചി,നാരങ്ങാ, ഏത്തയ്ക്കാ തുടങ്ങി സദ്യയില്‍ അത്യവശ്യമുള്ളതിനെല്ലാം നൂറുരൂപയ്ക്കടുത്താണ് വില. കാബേജ്,ക്യാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് അറുപത് രൂപ അടുത്ത് വിലയുണ്ടെങ്കിലും ഉത്രാടപാച്ചിലെത്തുമ്പോഴേക്കും വീണ്ടും 30 രൂപയോ അതിൽ കൂടുതലോ കൂടും.
പച്ചമുളക് 30 ല്‍ നിന്ന് എഴുപതായെങ്കില്‍, വറ്റല്‍മുളക് 260 ല്‍ നിന്ന് 300 ആയി.തക്കാളിക്കും വെണ്ടക്കയ്ക്കും സവോളയ്ക്കും വില കാര്യമായി കൂടാത്തതാണ് കറിയൊരുക്കുന്നതിലെ ഏക ആശ്വാസം. എന്നാല്‍ കഞ്ഞിയോ ചോറോ വെക്കണമെങ്കില്‍ അല്‍പം വിയര്‍ക്കും.അരി രണ്ട് മാസത്തിനുള്ളില്‍ തന്നെ കൂടിയത് 15 രൂപയാണ്. എന്നാല്‍ കടകളിലെല്ലാം പൊതുവേ സ്റ്റോക്ക് കുറവാണെങ്കിലും ഓണത്തിന്റെ തിരക്ക് നേരത്ത തുടങ്ങിയെന്നും വ്യാപാരികള്‍ പറയുന്നു.
0 Comments