banner

വിഴിഞ്ഞത്ത് മദ്യശാലകള്‍ അടച്ചിടും; ഉത്തരവുമായി കലക്ടര്‍



വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നതിനിടെ മദ്യശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് കലക്ടര്‍. രണ്ട് ദിവസത്തേക്ക് വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്യശാലകള്‍ അടച്ചിടണമെന്നാണ് കലക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കലക്ടറുടെ തീരുമാനം. ഇതോടെ 21, 22 തീയതികളില്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കും. 

ksfe prakkulam

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. നാലാം ദിവസം പദ്ധതി പ്രദേശത്തേക്ക് സമരക്കാര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സമരക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ മത്സ്യത്തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറി. 

മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം അഞ്ച് ദിവസം പിന്നിട്ടു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് അടക്കമുള്ള ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അതിരൂപത. ആഗസ്റ്റ് 31 വരെ സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. സമരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ചെന്ന് മന്ത്രി പറഞ്ഞു. തുറമുഖവുമായി ബന്ധപ്പെട്ടെ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച മണ്ണെണ്ണ പ്രശ്‌നത്തില്‍ ഇടപെടുമെന്ന് കേന്ദ്രമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അബ്ദുറഹ്‌മാന്‍ പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്. സമരം നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള 300ഓളം വീടുകളുടെ നിര്‍മാണത്തിന് തടസം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രിതല ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് ഫാദര്‍ യൂജിന്‍ പേരേര അറിയിച്ചു. ക്യാമ്പിലുള്ളവരെ ഓണത്തിന് മുമ്പ് വാടക വീട്ടിലേയ്ക്ക് മാറ്റാമെന്നും സ്ഥിരം പുനരധിവാസം എത്രയും വേഗം നടപ്പാക്കാമെന്നും മുതലപ്പൊഴിയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറിയ ശേഷം മാത്രമേ മത്സ്യത്തൊഴിലാളികള്‍ സമരമുഖത്ത് നിന്ന് പിന്മാറൂവെന്ന് മന്ത്രിമാരേയും കളക്ടറേയും ഫിഷറീസ് വകുപ്പ് മേധാവിമാരേയും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments