ഡൽഹി : കോൺഗ്രസ് വിട്ട ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസിലെ വിമതരായ ജി 23 നേതാക്കൾ.
ആനന്ദ് ശർമ, പൃഥ്വിരാജ് ചവാൻ,ഭൂപീന്ദർ ഹൂഡ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
വൈകിട്ട് ഗുലാം നബി ആസാദിന്റെ ദില്ലിയിലെ വസതിയിൽ വച്ചായിരുന്നു കുടിക്കാഴ്ച. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം.
വരുന്ന സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ കൂടുതൽ ഒതുക്കപ്പെടുമെന്ന് കരുതുന്ന തിരുത്തൽപക്ഷം, തങ്ങളുടെ നിലപാടുകളും നേതൃപരമായ വീഴ്ചകളും ഊന്നിപ്പറയാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. നെഹ്റുകുടുംബം പിന്മാറിയാൽ ശക്തമായ മത്സരത്തിന് വഴിയൊരുങ്ങുമെന്നും അവർ കരുതുന്നു.
ഇതിന്‍റെ മുന്നൊരുക്കങ്ങളിൽ ഗുലാംനബിയുടെ അഭിപ്രായം തേടുകയാണ് ആനന്ദ് ശർമയും മറ്റും ചെയ്തത്. സോണിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും ഒരു വാക്ക് പറയാതെ രാജി വെച്ചത് എന്തുകൊണ്ടാണെന്ന് ആനന്ദ് ശർമയും മറ്റും ഗുലാംനബിയോട് ചോദിച്ചു. 'കൊട്ടാര ഉപജാപം' മൂലം തനിക്ക് തുടരാൻ വയ്യാത്തതായിരുന്നു സ്ഥിതിയെന്നാണ് ഗുലാംനബി നൽകിയ മറുപടി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും ന്യായയുക്തവുമാകണമെന്ന് ഗുലാംനബിയെ കണ്ട ശേഷം പൃഥ്വിരാജ് ചവാൻ പറഞ്ഞു.
0 Comments