banner

എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റു; ആക്രമണം സ്റ്റേജിലേക്ക് പാഞ്ഞെത്തി

എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഒരു ലെക്ചറിനിടെയാണ് ആക്രമണം നടന്നത്. വിഷയാവതരണം തുടങ്ങി അല്‍പ നേരത്തിനുശേഷം ഒരാള്‍ സ്റ്റേജിലേക്ക് പാഞ്ഞെത്തി സല്‍മാന്‍ റഷ്ദിയെ ആക്രമിക്കുകയായിരുന്നുവെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ പരുക്കേറ്റ റഷ്ദി സ്റ്റേജില്‍ കുഴഞ്ഞുവീണു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തിയയാളെ പൊലീസ് പിടികൂടി. 

സാതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1980-കളില്‍ ഇറാനില്‍ നിന്ന് വധഭീഷണി നേരിട്ട എഴുത്തുകാരനാണ് സല്‍മാന്‍ റഷ്ദി. 1988-ല്‍ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയന്‍ നേതാവ് ആയത്തുള്ള ഖൊമൈനി സല്‍മാന്‍ റഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.

ഖൊമൈനിയുടെ കല്‍പ്പനയില്‍ നിന്നും ഇറാന്‍ വളരെക്കാലമായി അകലം പാലിക്കുകയാണെങ്കിലും സല്‍മാന്‍ റഷ്ദി വിരുദ്ധ വികാരം ചില തീവ്രമതവാദികള്‍ക്കുള്ളില്‍ വളരെക്കാലം നിലനിന്നു. പിന്നീട് 2012-ല്‍ ഒരു മതസ്ഥാപനം റഷ്ദിയെ വധിക്കുന്നവര്‍ക്കുള്ള പാരിതോഷികം 3.3 മില്യണ്‍ ഡോളറായി ഉയര്‍ത്തി. ഫത്വ കാലത്തെക്കുറിച്ച് റഷ്ദി എഴുതിയ ജോസഫ് ആന്റണ്‍ എന്ന ഓര്‍മക്കുറിപ്പും പിന്നീട് വളരെ ശ്രദ്ധ നേടിയിരുന്നു.

Post a Comment

0 Comments