പത്തനംതിട്ട : തെരുവുനായയുടെ കടിയേറ്റ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന റാന്നി സ്വദേശിനി അഭിരാമി (12) മരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളായിരുന്നു.
തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 12കാരി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പുനെയിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പെരുനാട് സ്വദേശിനിയാണ് അഭിരാമി. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.
കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഓഗസ്റ്റ് 13-നാണ് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.
0 Comments