banner

സാമ്പ്രാണിക്കോടിയിൽ ബന്ധുവിൻ്റെ അടിയേറ്റ് മധ്യവയസ്ക്കൻ മരിച്ച സംഭവം; പോസ്റ്റുമാർട്ടം നാളെ

അഞ്ചാലുംമൂട് : സാമ്പ്രാണിക്കോടിയിൽ വാക്കേറ്റത്തിനിടെ ബന്ധുവിൻ്റെ അടിയേറ്റ് മധ്യവയസ്ക്കൻ മരിച്ച സംഭവത്തിൽ പോസ്റ്റുമാർട്ടം നടപടികൾ നാളെ രാവിലെ 10ന്  ആരംഭിക്കും. 

ksfe prakkulam

കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന പ്രാക്കുളം തടത്തിൽ വീട്ടിൽ ജയപ്രകാശ് (48) ൻ്റെ മൃതദേഹം നാളെ പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

എട്ടാം തിയതി രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം. വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ജയപ്രകാശിന് ബന്ധുവായ പ്രാക്കുളം ഹരിജൻ കോളനിയിൽ ഷൈനി ഭവനിൽ ഷാനു (34) വിന്റെ അടിയേൽക്കുകയും ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ മരണം സംഭവിക്കുകയും ആയിരുന്നു.
 
വഴിയുടെ പേരിൽ കുടുംബങ്ങൾ തമ്മിൽ മുമ്പും വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പ്രാക്കുളത്ത് നടന്ന ഓണാഘോഷത്തിനിടയിൽ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണം എന്ന് പറയപ്പെടുന്നു.

വക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയപ്രകാശിനെ കൊല്ലം അയത്തിലെ സഹകരണ ആശുപത്രിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. കഴിഞ്ഞ ദിവസം മരണം സംഭവിച്ചു.

സംഭവത്തിൽ പ്രതിയായ ഷാനുവിനെ അഞ്ചാലുംമൂട് എസ്.എച്ച്.ഓ സി. ദേവരാജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് റിമാൻ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആക്രമണത്തിനിരയായ ജയപ്രകാശിൻ്റെ മരണം സ്ഥിരീകരിച്ചതോടെ കൂടുതൽ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്താൻ സാധ്യതയുണ്ട്. 

Post a Comment

0 Comments