കണ്ണൂർ : സ്പീക്കറായാലും ആവശ്യമായ സാഹചര്യത്തിൽ രാഷ്ട്രീയം പറയുമെന്ന് നിയുക്ത സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.
വി.ഡി സതീശൻ നയിക്കുന്ന പ്രതിപക്ഷം ശക്തരാണെന്നും ഇരു വിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന സ്പീക്കറാകും താനെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയും നാൾ സഭയിൽ മിഡ്‌ഫീൽഡർ ആയാണ് പ്രവർത്തിച്ചത്. പ്രതിരോധിക്കുക, കടന്നാക്രമിക്കുക എന്നീ ഉത്തരവാദിത്തങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ ദൗത്യം പാർട്ടി ഏൽപ്പിച്ചു. സഭയെ നിയന്ത്രിക്കുക എന്ന റഫറിയുടെ ദൗത്യമാണത്. ആ റോൾ നല്ലനിലയിൽ ചെയ്യാൻ സാധിക്കുമെന്നാണ് വിശ്വാസം.
ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സ്പീക്കറായിരിക്കും. ശക്തരായ പ്രതിപക്ഷമാണ്. ദീർഘകാല അനുഭവസമ്പത്തുള്ള ഒരുപാട് നിയമസഭാ സാമാജികരുണ്ട്. അവരുടേതായ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടായിരിക്കും എന്റെ പ്രവർത്തനം.
സ്ത്രീകളെ ഏറ്റവും കൂടുതൽ ഉയർത്തിയത് സിപിഎമ്മാണ്. മന്ത്രിസഭയിൽ മൂന്ന് വനിതകളുണ്ട്. അതിൽ സിപിഎമ്മിൽനിന്ന് രണ്ടുപേരും ഉണ്ട്. ഘട്ടംഘട്ടമായി സ്ത്രീ പ്രാതിനിധ്യം ഉയർത്തും.
ട്രോൾ ആസ്വദിക്കുന്നയാളാണ് ഞാൻ. എന്നെപ്പറ്റി നിരവധി ട്രോളുകൾ പണ്ടുമുതലേ ഉണ്ടായിട്ടുണ്ട്. അതിനെ ആരോഗ്യകരമായി കാണുന്നു. പേടിക്കേണ്ട കാര്യമില്ല. അത് അംഗീകാരമായി കാണുന്നു.
എനിക്ക് രാഷ്ട്രീയമുണ്ട്. അതു മാറ്റിവയ്ക്കാൻ കഴിയില്ല. എന്റെ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമാണ്. പക്ഷേ, സഭയ്ക്കുള്ളിൽ കക്ഷിരാഷ്ട്രീയം പറയില്ല. അതു പറയേണ്ട ഘട്ടത്തിൽ അതു പറയും. ഷംസീർ പറഞ്ഞു
0 Comments