തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ തിങ്കളാഴ്ചവരെയുള്ള ദിവസങ്ങളിൽ വ്യാപകമായ ശക്തമായ മഴയുണ്ടാകില്ല. അതുകൊണ്ടുതന്നെ ഇന്ന് ഒരു ജില്ലയിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. രാവിലെ ചില ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരുന്നെങ്കിലും മഴ സാഹചര്യം മാറിയതോടെ ഉച്ചയോടെ പിൻവലിച്ചു.
നാളെ മൂന്ന് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. എന്നാൽ ഓണത്തിന് മഴ വെല്ലുവിളിയായേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ് സാധ്യത. ഉത്രാട ദിനമായ ഏഴാം തിയതി സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ടായിരിക്കും.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
04-09-2022 : മലപ്പുറം, കോഴിക്കോട്, വയനാട്
05-09-2022 : പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്
06-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
07-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115 . 5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
0 Comments