banner

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നിലപാട് വ്യക്തമാക്കി നേതാക്കള്‍



കൊച്ചി : കോൺ‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂർ എം പി, അശോക് ഗെഹ്ലോട്ട് എന്നിവരുടെ പേരുകൾ ഉയർന്നതോടെ ഉടക്കിട്ട് കേരള നേതൃത്വം. 

ksfe prakkulam

നെഹ്റു കുടുംബത്തെ അംഗീകരിക്കുന്നവർക്ക് മാത്രമേ വോട്ട് ചെയ്യൂവെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി ചുമതലയേൽക്കണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. പക്ഷേ, അദ്ദേഹം അതിൽ താൽപര്യം കാണിക്കുന്നില്ല. അതാണ് ഞങ്ങള്‍ക്കൊക്കെയുള്ള പ്രയാസമെന്നും കെ മുരളീധരൻ പറഞ്ഞു.

എന്നാൽ ആർക്കും മത്സരിക്കാമെന്നും ആരെയും വിലക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഏകകണ്ഠമായ തീരുമാനമുണ്ടാകും. മാധ്യമങ്ങളിലൂടെ മാത്രമാണ് ശശി തരൂർ മത്സരിക്കുന്ന കാര്യം അറിഞ്ഞത്. രാഹുല്‍ യോഗ്യനാണ്. അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
രാഹുൽ ഗാന്ധി വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോയുടെ പിന്തുണ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശശി തരൂരിന് മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാകില്ല. തിങ്കളാഴ്ച ശശി തരൂർ സോണിയ ഗാന്ധിയെ അവരുടെ വസതിയിലെത്തി കാണുകയും അവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. തുടർന്നാണ് അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

Post a Comment

0 Comments