banner

കുഞ്ഞഹമ്മദ് ഹാജിയുടെ സ്മാരകം തകർക്കുമെന്ന വിവാദ പ്രസംഗം; ശശികലയെ തുറങ്കിലടയ്ക്കണമെന്ന് പിഡിപി

കൊല്ലം : ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ധീരമായ പോരാട്ടം സംഘടിപ്പിച്ച്‌ രക്തസാക്ഷ്യം വരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സ്മാരകം തകര്‍ക്കാന്‍ ലോകത്തുള്ള ഹിന്ദുക്കള്‍ തയാറാകും എന്ന നിലയില്‍ പ്രസംഗിച്ച്‌ ഇരു മത വിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രതയും വര്‍ഗീയതയും വളര്‍ത്താന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കും പരിധിവിട്ട ആക്രമണങ്ങള്‍ക്കും അപ്പുറത്ത് നിയന്ത്രിതമായ ഒരു സമരമായി മലബാര്‍ സമരത്തെയും സമര ഭടന്മാരെയും തിരിച്ചുവിട്ട വിപ്ലവ നക്ഷത്രമായിരുന്നു സുല്‍ത്താന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.ചെറുപ്പത്തിലെ തടങ്കല്‍ ക്യാംപുകളില്‍ കഴിയേണ്ടിവന്നതിന്റെ ചൂടുള്ള അനുഭവങ്ങള്‍ ഉരുക്കിപ്പണിത നേതൃത്വം വന്നതോടെയാണ് ബ്രിട്ടീഷുകാര്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ക്ക് വ്യവസ്ഥാപിതമായ പോരാട്ടമുറകള്‍ രൂപീകരിക്കപ്പെട്ടത്.

അണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും കൊണ്ട് ശ്രദ്ധേയനായ വാരിയംകുന്നനില്‍ വര്‍ഗീയത ആരോപിക്കുന്നവര്‍ ബ്രിട്ടീഷ് പാദസേവകരും, ഷൂനക്കികളുടെ പിന്മുറക്കാരും ആണെന്നുള്ളത് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ശശികലയുടെ പ്രകോപനപരമായ പ്രസംഗത്തിന്റെ ഉള്ളടക്കമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഖിലാഫത്ത് പ്രസ്ഥാനത്തില്‍ കുഞ്ഞമ്മദ് ഹാജിക്ക് അംഗത്വം നല്‍കിയ എം പി നാരായണ മേനോനും ഹിന്ദുമുസ്‌ലിം മൈത്രി നിലനിര്‍ത്തിയാണ് വാരിയംകുന്നന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ചതെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ദാര്‍ ചന്ത്രോത്തിനെയും പോലെയുള്ള ആളുകള്‍ ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്ത സുല്‍ത്താന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവഹേളിക്കുന്നതും കള്ളപ്രചരണം നടത്തുന്നതും മതേതര കേരളം അംഗീകരിക്കില്ല എന്ന് ശശികലമാര്‍ തിരിച്ചറിയണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര പറഞ്ഞു.

Post a Comment

0 Comments