banner

മന്ത്രി സംഘം യുറോപ്പിലേക്ക്: കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കുമെന്ന് മുഖ്യമന്ത്രി

മന്ത്രിമാരുടെ വിദേശയാത്രകള്‍ നിക്ഷേപസാധ്യതകള്‍ കണ്ടെത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

ksfe prakkulam

ബഹുരാഷ്ട്രകമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കും. നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാനും കമ്പനിമേധാവികളുമായി ചര്‍ച്ചനടത്താനുമുള്ള സാധ്യതകള്‍ സന്ദര്‍ശനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ട് ഒക്ടോബര്‍ ഒന്ന് മുതല്‍ 14 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട് (ലണ്ടന്‍), ഫ്രാന്‍സ് (പാരീസ്) രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നത്.

കേരളവും ഫിന്‍ലന്‍ഡും തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും, ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കുന്നതിനുമാണ് താനും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയടക്കം ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. മുന്‍പ് ഫിന്‍ലന്‍ഡ് പ്രതിനിധികളുടെ സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ക്ഷണപ്രകാരമാണ് മന്ത്രിതല സന്ദര്‍ശനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഫിന്‍ലന്‍ഡ് വിദ്യാഭ്യാസമന്ത്രി ലീ ആന്‍ഡേഴ്‌സെന്റ ക്ഷണപ്രകാരം സംഘം അവിടെയുള്ള പ്രീസ്‌കൂളും സന്ദര്‍ശിക്കും. പ്രസിദ്ധമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയുടെ പഠനരീതികളെയും അധ്യാപന പരിശീലന രീതികളെകുറിച്ചും പഠിക്കാന്‍ ഈ സന്ദര്‍ശനം സഹായകമാവും. കൂടാതെ അവിടെയുള്ള പ്രമുഖ ബഹുരാഷ്ട്രകമ്പനികള്‍ സന്ദര്‍ശിച്ച് കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള സാധ്യതകള്‍ നോക്കും.

പ്രമുഖ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയയുടെ എക്‌സിക്യൂട്ടീവ് എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാനും കമ്പനിമേധാവികളുമായി ചര്‍ച്ചനടത്താനുമുള്ള സാധ്യതകള്‍കൂടി സന്ദര്‍ശനം തുറന്നുതരുന്നുണ്ട്. ഇതോടൊപ്പം സൈബര്‍രംഗത്തെ സഹകരണത്തിനായി എന്തെല്ലാം ചെയ്യാനാകുമെന്ന് ഫിന്‍ലന്‍ഡിലെ വിവിധ ഐടി കമ്പനികളുമായും ചര്‍ച്ചനടത്തും. ടൂറിസം മേഖലയിലെയും ആയുര്‍വേദ രംഗത്തെയും സഹകരണം ആസൂത്രണം ചെയ്യാനും വിവിധ കൂടിക്കാഴ്ചകളുണ്ട് .

മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതാണ് നോര്‍വെ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം. നോര്‍വെ ഫിഷറീസ്&ഓഷ്യന്‍ പോളിസി മന്ത്രിയായ ജോര്‍ണര്‍ സെല്‍നെസ്സ് സ്‌കെജറന്‍ ഈ മേഖലയിലെ വാണിജ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചിട്ടുണ്ട്. ഇതോടൊപ്പം നോര്‍വീജിയന്‍ ജിയോടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുളള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതിക വിദ്യകള്‍ പരിശോധിക്കും.


ഇംഗ്ലണ്ടും വെയ്ല്‍സുമാണ് സന്ദര്‍ശിക്കുന്ന മറ്റ് രണ്ടിടങ്ങള്‍. വെയില്‍സിലെ ആരോഗ്യമേഖല ഉള്‍പ്പെടെ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അവിടത്തെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നടന്ന മൂന്നാം ലോകകേരളസഭയുടെ തുടര്‍ച്ചയായി ലണ്ടനില്‍ വെച്ച് ഒരു പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. ഒരുദിവസം നീണ്ടുനില്‍ക്കുന്ന ഈ യോഗത്തില്‍ ഏകദേശം 150 ഓളം പ്രവാസികള്‍പങ്കെടുക്കും. കേരളത്തില്‍ ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യുണൈറ്റഡ്കിങ് ഡത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ഈ മൂന്നിടങ്ങളിലും അവിടെയുള്ള പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിക്കാനുദ്ദേശിക്കുന്നുണ്ട്. കൂടാതെ ടൂറിസം, ആയുര്‍വേദമേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ചര്‍ച്ചകളും സംഘടിപ്പിക്കും. വ്യവസായമന്ത്രി പി രാജീവ് നോര്‍വെയിലും യുകെയിലും സന്ദര്‍ശന സമയത്തുണ്ടാകും. ഫിഷറീസ് വകുപ്പ് മന്ത്രി നോര്‍വയിലും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് യുകെയിലുമുണ്ടാകും. ഇതിനുശേഷം ഒക്ടോബര്‍ 14ന് തിരിച്ചെത്താനാണ് ഉദ്ദേശിക്കുന്നത്.

ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാരീസ് സന്ദര്‍ശിക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ടൂറിസം മേളയില്‍ പങ്കെടുക്കാനാണ് യാത്ര. സെപ്റ്റംബര്‍ 19ന് നടക്കാനിരിക്കുന്ന ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും അവര്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments