തിരുവനന്തപുരം : കോര്‍പ്പറേഷന്‍ ചാല സര്‍ക്കിളില്‍ ഓണസദ്യ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്ത സംഭവത്തില്‍ എതിര്‍പ്പുമായി സി.പി.എം. നേതാക്കള്‍.
തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും പിന്‍വലിക്കണമെന്നും സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദന്‍ ആവശ്യപ്പെട്ടു.
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മേയര്‍ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി രംഗത്തെത്തി. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്നും ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം പാര്‍ട്ടി ചര്‍ച്ചചെയ്ത് തുടര്‍ തീരുമാനമെടുക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
കൃത്യമായ അന്വേഷണവും തൊഴിലാളികളുടെ ഭാഗവും കേള്‍ക്കാതെയാണ് അച്ചടക്ക നടപടിയെടുത്തതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, മേയര്‍ക്ക് പിന്തുണയുമായി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തെത്തി. ആഹാരം കളഞ്ഞ പ്രതിഷേധ രീതി അവിവേകമാണെന്നും തൊഴിലാളികള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ അത് മേയറോട് പറയണമായിരുന്നുവെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
പ്രശ്നം രൂക്ഷമായതോടെ പാര്‍ട്ടി മേയറോട് വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം. തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുമെന്നാണ് സൂചന.
കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ടതു വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. മേയറെ പിന്തുണയ്ക്കാന്‍ സി.പി.എം. നേതൃത്വം തയാറാകാതിരുന്നതും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തൊഴിലാളികള്‍ക്ക് ഒപ്പം നിന്നതും മേയറുടെ നില കൂടുതല്‍ പരുങ്ങലിലാക്കി.
നിലവില്‍ കോഴിക്കോട്ടുള്ള മേയര്‍ തിരിച്ചെത്തുന്നതിനു പിന്നാലെ നടപടി പിന്‍വലിക്കുമെന്നാണു വിവരം.
0 Comments