banner

കൺമുന്നിൽ ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാൻ, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം

Written By Dr. Johnson K Varghese
Published By ALN network

ഫസ്റ്റ് എയ്ഡ് അഥവ പ്രഥമ ശുശ്രൂഷ കൊണ്ട് എങ്ങനെയൊക്കെ ഒരു ജീവൻ രക്ഷിക്കാം.നമ്മുക്ക് ചുറ്റും ദിനം തോറും നിരവധി അത്യാഹിതങ്ങൾ സംഭവിക്കാറുണ്ട്. ഇതിനെയൊക്കെ കൃത്യമായി കാര്യക്ഷമതയോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.   നോക്കി നിൽക്കെ ഒരു ജീവൻ പൊലിയുന്നത് കാണുന്നതിനുമപ്പുറം, ഒരു ജീവൻ എങ്കിലും നമ്മളാൽ രക്ഷിക്കാൻ കഴിയുമോ എന്ന് ചിന്തിക്കുക.

ഹൃദയാഘാതം അഥവ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളൾ എന്തൊക്കെ? ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണ്?

ഹൃദയാഘാതം ഉണ്ടാവാനുള്ള കാരണമായി കണ്ടുവരുന്നത് ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തപ്രവഹാത്തിൽ തടസം ഏർപ്പെടുമ്പോഴാണ്. നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നതോ തീവ്രമായ വേദനയോ, അമിതജോലി ചെയ്യുമ്പോളോ, കയറ്റം കയറുമ്പോളോ ഉണ്ടാക്കുന്ന കിതപ്പ്, ബോധക്ഷയം, അമിതമായി വിയർക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പലരിലും പല രീതിയിലാവും ഈ ലക്ഷണങ്ങൾ കണ്ടുവരിക. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടാൽ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രയിൽ എത്തിക്കാൻ ശ്രമിക്കുക. ഇത് കൂടുതൽ സങ്കീർണ്ണതയിൽ നിന്നും രോഗിയെ രക്ഷിക്കുന്നതിനും പെട്ടന്ന് തന്നെ സുഖം പ്രാപിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കും.

സ്ട്രോക്ക് ഉണ്ടാകാനുള്ള കാരണങ്ങൾ എന്താണ്. സ്ട്രോക്ക് ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത്?

സ്ട്രോക്ക് അഥവ പക്ഷാഘാതം എന്നു പറയുന്നത് തലച്ചോറിനേൽക്കുന്ന അറ്റാക്കാണ്. ശരീരത്തിൽ ഒരു ഭാഗത്ത് ഉണ്ടാകുന്ന തളർച്ച, മുഖം ഒരു ഭാഗത്തെ കോടിപോവുക , സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം ഉടൻ തന്നെ ചികിത്സ ഉറപ്പുവരുത്തുക. ഇത് പിന്നീട് ഉണ്ടാകാവുന്ന ശാരീരിക വൈകല്യങ്ങളിൽ നിന്ന് രക്ഷിക്കും.

എന്താണ് അപസ്മാരം അഥവ എപിലെപ്സി? അപസ്മാരം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

തലയ്ക്കേറ്റ പരിക്കുകൾ, ബ്രെയിൻ ട്യൂമർ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, പക്ഷാഘാതം, കടുത്ത പനി, ജന്മനായുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ ഉണ്ടാവുന്ന തകരാറുകൾ മൂലമാണ് അപസ്മാരം അഥവ ചുഴലി ഉണ്ടാവുന്നത്. കൈകാലുകൾ അതിശക്തമായി വിറയ്ക്കുക, കണ്ണ് മുകളിലേക്ക് പോകുക, ബലം പിടിക്കുക, വായിൽ നിന്ന് നുരയും പതയും വരിക എന്നിവയാണ് അപസ്മാര ലക്ഷണങ്ങൾ.ഈ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ഉടൻ തന്നെ വേണ്ട പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിക്കുക. അപസ്മാരം കണ്ടാൽ പൊതുവെ കണ്ടുവരുന്ന ഒരു രീതി, ഇരുമ്പ് കയ്യിൽ പിടിപ്പിക്കുക എന്നുള്ളതാണ്. ഇതിന് പ്രത്യേകിച്ച് ഫലമൊന്നുമില്ല, ബലം പിടിക്കുമ്പോൾ ഇത് രോഗിയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കാൻ കാരണമാകും. രോഗിയെ ഒരു തുറസ്സായ സ്ഥലത്ത് ഒരു വശത്തേക്ക് ചരിച്ച് കിടത്താൻ ശ്രദ്ധിക്കുക. നുരയും പതയും വരാനും അതുപോലെ തന്നെ ഛർദ്ദിക്കാനും സാധ്യത ഏറെയാണ്, ഇത് തരിപ്പിൽ കയറുകയോ ശ്വാസകോശത്തിലേക്കോ എത്താതിരിക്കാൻ ചരിച്ച് കിടത്തുന്നത് സഹായകമാകും. 

കുട്ടികൾ വായിലോ മുക്കിലോ വസ്തുക്കൾ ഇട്ടാൽ ഉടനടി ചെയ്യേണ്ടതെന്തൊക്കെ?

കൊച്ച് കുട്ടികൾ ആകുമ്പോൾ ചെറിയ മുത്ത്, ബട്ടൺ, നാണയം പോലുള്ള സാധനങ്ങൾ മുക്കിലും വായിലും ഇടുന്ന പ്രവണത സ്ഥിരമായി കണ്ടുവരുന്ന ഒന്നാണ്. പെട്ടന്ന് കുട്ടികളിൽ കണ്ടുവരുന്ന ശ്വാസ തടസ്സം, ചുമ, ഛർദ്ദി, വായിൽ നിന്ന് അമിതമായി ഉമിനീർ ഒലിക്കുക, ഓക്കാനം എന്നിവ പോലുള്ള ലക്ഷങ്ങൾ കണ്ടാൽ മാതാപിതാക്കൾ പരിഭ്രാന്തരാകാതെ എത്രയും വേഗം പ്രഥമ ശുശ്രൂഷ നൽകാൻ ശ്രദ്ധിക്കുക. ചെറിയ കുട്ടികളെ കമിഴ്ത്തി കിടത്തി പുറത്ത് ശക്തിയായി തല്ലുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്ത് വരുന്നതുവരെ ഇത് തുടരുക. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്ത് കാണാൻ സാധിക്കുന്നതാണെങ്കിൽ കൈവിരലുകൾ കൊണ്ട് അവയെ പുറത്തെടുക്കാവുന്നതാണ്.

പൊള്ളലേറ്റാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ? 

ശരീരത്തിൽ പൊള്ളലേറ്റാൽ അതിന്റെ തോത് അനുസരിച്ച് ചികിത്സ ഉറപ്പാക്കുക.പൊള്ളലേറ്റ ഭാഗത്ത് ഒരു കാരണവശാലും എണ്ണയോ മറ്റും പുരട്ടാതിരിക്കുക. പൊള്ളൽ ഏറ്റാൽ പെയിസ്റ്റ് തേയ്ക്കുന്ന പ്രവണത കണ്ടുവരുന്ന ഒന്നാണ്, അത് ഒഴിവാക്കുക. തൊലിയോട് തുണി ഉരുകിപിടിച്ചിട്ടുണ്ടെങ്കിൽ അത് അടർത്തുവാനും ശ്രമിക്കരുത്. ചെറിയ പൊള്ളലാണ് എങ്കിൽ പൊള്ളലിനുള്ള ക്രീമോ ലോഷനോ പുരട്ടിയാൽ മതിയാകും, അമിതമായി പൊള്ളൽ ഏറ്റിട്ടുണ്ട് എങ്കിൽ ഉടൻ തന്നെ വിദഗ്ദ ചികിത്സ ഉറപ്പാക്കുക.

പാമ്പ് കടിയേറ്റാൽ എങ്ങനെ തിരിച്ചറിയാം, ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

പാമ്പ് കടിയേറ്റാൽ മുറിപാടിന് ചുറ്റും നീർവീക്കമോ കരിവാളിപ്പോ കാണപ്പെടാം. വിഷപാമ്പുകൾ കടിച്ചാൽ സാധാരണ ഗതിയിൽ പല്ലുകളുടെ പാടുകൾ കാണപ്പെടാറുണ്ട്. പാമ്പ് കടിച്ചതാണെന്ന് മനസിലായാൽ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. നീർവീക്ക സാധ്യത ഉള്ളതിനാൽ മോതിരം, പാദസരം, വള തുടങ്ങിയ ആഭരണങ്ങൾ അഴിച്ചു മാറ്റുക. കയറോ തുണിയോ ഉപയോഗിച്ച് കടിയേറ്റ ഭാഗത്ത് ഒരിക്കലും വരിഞ്ഞ് കെട്ടാതിരിക്കുക. അതവ കെട്ടിയിട്ടുണ്ടെങ്കിൽ ഇടയ്ക്ക് അഴിക്കാതിരിക്കാൻ ശ്രമിക്കുക. വിഷം വലിച്ചെടുക്കാനായി കത്തി ഉപയോഗിച്ച് മുറിവിവേൽപ്പിക്കുകയോ മറ്റും ചെയ്യാതിരിക്കുക. ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് പാമ്പ് കടിയേറ്റയാളെ ആശ്വസിപ്പിക്കുക എന്നത്, ഇത് രക്ത സമ്മർദം കൂട്ടുന്നത് തടയും . പേടിയോ ഭയമോ ഉണ്ടായാൽ ഹർട്ട് റേറ്റും, ബി.പി യും കൂടുകയും ഇത് വിഷം അതിവേഗം ശരീരത്തിൽ വ്യാപിക്കുവാനും കാരണമാകും. സ്വയം ചികിത്സയ്ക്കു മുതിരാതെ ഉടൻ തന്നെ കടിയേറ്റയാളെ ആശുപത്രിയിൽ എത്തിക്കുക.

ആക്സിഡന്റ് സംഭവിച്ചാൽ ചെയ്യേണ്ടതെന്തൊക്കെ?

നമ്മുടെ കൺമുൻപിൽ ഒരു ആക്സിഡന്റ് കണ്ടാൽ പകച്ചു നിൽക്കാതെ ആ ജീവൻ രക്ഷക്കാൻ ശ്രമിക്കുക. അപകടത്തിൽപ്പെട്ട വ്യക്തിക്ക് എത്രയും പെട്ടന്ന് തന്നെ വൈദ്യ സഹായം ലഭ്യമാക്കാൻ ശ്രദ്ധിക്കുക. പോലീസ്, ആംബുലൻസ് എന്നിവയുടെ സഹായം തേടുക. അപകടത്തിൽപ്പെട്ട വ്യക്തിയെ അതീവ സൂക്ഷമതയോടു കൂടി വേണം വാഹനത്തിൽ കയറ്റുവാൻ.

Post a Comment

0 Comments